പ്രളയക്കെടുതികളിൽ നിന്ന് കരകയറാൻ ക്ഷീരമേഖലയിൽ സർക്കാർ നടത്തി വരുന്ന അടിയന്തര ഇടപെടലുകൾ ഫലപ്രദമാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ പ്രാഥമികമായ കണക്കുകളനുസരിച്ച് 11056 ക്ഷീരകർഷക കുടുംബങ്ങളെ ഇത്തവണത്തെ പ്രളയം ബാധിച്ചതായി മന്ത്രി പറഞ്ഞു. അവർക്ക് ആശ്വാസം നൽകുന്നതിനായി വിവിധതരത്തിലുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

മൃഗസംരക്ഷണ വകുപ്പിനു കീഴിൽ തലസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.  എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൺട്രോൾ റൂമുകളുണ്ട്.  ഇതിനകം 225 മൃഗചികിത്സാ ക്യാമ്പുകളിലൂടെ 4427 വളർത്തുമൃഗങ്ങൾക്ക് ചികിത്സയും അനുബന്ധ സഹായവും നൽകി.  പ്രളയക്കെടുതികളിൽപ്പെട്ട കന്നുകാലികൾക്ക് കാലിത്തീറ്റയും, വൈക്കോൽ, ധാതുലവണ മിശ്രിതം തുടങ്ങിയവയും സൗജന്യമായി നൽകും.  ഇതിനാവശ്യമായ തുക അനുവദിച്ചിട്ടുണ്ട്.

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡയറി ഡിസാസ്റ്റർ മാനേജ്‌മെന്റ് സെല്ലുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു.  അടിയന്തരഘട്ടത്തിൽ മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കൽ, തീറ്റവിതരണം, സുഗമമായ പാൽ സംഭരണം എന്നിവ നടത്തുന്നതിന് ക്ഷീര സഹകരണ സംഘങ്ങളുടെ ഫണ്ടിൽ നിന്ന് തുക ചെലവഴിക്കുന്നതിന് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.  ക്ഷീരവികസന വകുപ്പിന്റെ അടിയന്തര ഇടപെടലുകൾക്കായി 2.8 കോടി രൂപ അനുവദിച്ചു.  കൂടാതെ മിൽമയുടെ വിവിധ മേഖലാ യൂണിയനുകളും വ്യത്യസ്ത സഹായ പദ്ധതികളുമായി രംഗത്തുണ്ട്.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് മിൽമ പാൽ സൗജന്യമായി നൽകിവരുന്നു.  പ്രളയം ഏറ്റവും കൂടുതൽ നാശംവിതച്ച വയനാട് ജില്ലയിൽ മലബാർ മേഖലാ യൂണിയൻ വൈക്കോൽ, കാലിത്തീറ്റ, ചോളം, സൈലേജ് തുടങ്ങിയവ വിതരണം ചെയ്തു.  എറണാകുളം മേഖലാ യൂണിയനു കീഴിൽ ഈ മാസം മുതൽ പാൽ ലിറ്ററിന് ഒരു രൂപ അധിക വില നൽകാനും തീരുമാനമെടുത്തിട്ടുണ്ട്.

തിരുവനന്തപുരം മേഖലാ യൂണിയൻ പശുക്കൾക്കായി താത്ക്കാലിക ക്യാമ്പുകൾ ആരംഭിക്കുകയും സൗജന്യമായി തീറ്റയും മൃഗചികിത്സയും നൽകിവരികയുമാണ്. മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ അതിജീവിക്കാൻ കൂടുതൽ തുക നീക്കിവക്കുമെന്നും മന്ത്രി പറഞ്ഞു.