പത്തനംതിട്ട: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ 143.8 ഹെക്ടര്‍ കൃഷിനശിച്ചു. 2.74 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷി വകുപ്പിന്റെ ഫാമുകള്‍ക്ക് മാത്രം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
40,050 വാഴകള്‍ മാത്രം ഇക്കാലയളവില്‍ നശിച്ചു. അപ്പര്‍ കുട്ടനാട്ടിലെ 22 ഹെക്ടര്‍ പ്രദേശത്തെ നെല്‍പ്പാടങ്ങളും വെള്ളക്കെട്ടിലാണ്. കെ.എസ്.ഇ.ബിയുടെ വിതരണ ശൃംഖലയ്ക്ക് 4.13 കോടി രൂപയുടെ നാശമുണ്ടായിട്ടുണ്ട്.
തിരുവല്ല മേഖലയിലെ നാലു റോഡുകള്‍ പൂര്‍ണമായും വെള്ളക്കെട്ടിലാണ്. മേജര്‍ ഇറിഗേഷന് 12 കോടി രൂപയുടെ നഷ്ടമുണ്ട്. ഫയര്‍ ഫോഴ്സിന്റെ നേരിട്ടുള്ള ഇടപെടലില്‍ 79 പേരെ രക്ഷിച്ച് ക്യാമ്പിലെത്തിച്ചു.
അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ ജില്ലാ കളക്ടറുടെ അനുമതിയോടെ മുറിക്കാനും മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. വരുംദിവസങ്ങളില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളിലും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
മരുതൂര്‍ കടവിന് സമീപത്ത് തീരം ഇടിയുന്നതിനാല്‍ ഈ ഭാഗത്തുകൂടി നിരീക്ഷണത്തിന് പോകുന്ന സ്പീഡ് ബോട്ടുകള്‍ വേഗത കുറയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അരിയാഞ്ഞിലി മണ്ണ്, കുരുമ്പന്‍ മൂഴി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കണമെന്ന ആവശ്യം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്‍ഡിആര്‍എഫ്, കേന്ദ്ര സൈന്യം, മത്സ്യത്തൊഴിലാളികള്‍ എന്നിവരെ മുന്‍ കരുതലെന്ന നിലയില്‍ ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്. വെള്ളം മൂടിയ കിണറുകള്‍ വറ്റിച്ച് ശുചീകരിക്കുവാന്‍ യോഗത്തില്‍ തീരുമാനമെടുത്തു.
പഞ്ചായത്തും ആരോഗ്യ വകുപ്പുമായി ഒരുമിച്ച് ക്ലോറിനേഷന്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലേയും ദുരിതാശ്വാസ ക്യാമ്പുകളിലേയും ജനങ്ങള്‍ നിര്‍ബന്ധമായും എലിപ്പനിക്കുള്ള മരുന്ന് കഴിക്കണമെന്നും മന്ത്രി പറഞ്ഞു. തഹസില്‍ദാര്‍മാര്‍,  വില്ലേജ് ഓഫീസര്‍മാര്‍, ക്യാമ്പ് ഓഫീസര്‍മാര്‍ തുടങ്ങിയവരെ യോഗത്തില്‍ അഭിനന്ദിച്ചു.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേരണമെങ്കില്‍ എം എല്‍ എ മാര്‍ മുന്‍കൈയെടുത്ത് നടത്തമെന്നും മന്ത്രി നിര്‍ദേശിച്ചു.  മന്ത്രി കെ.രാജു അധ്യക്ഷതവഹിച്ച യോഗത്തില്‍ ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ മാത്യു ടി തോമസ്, രാജുഎബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ആര്‍. ബീനാ റാണി, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.