പുത്തുമല ദുരന്ത സ്ഥലത്ത് മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തെരച്ചലിന് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. കൂടുതൽ മണ്ണ് ചുരുങ്ങിയ സമയം കൊണ്ട് നീക്കാൻ കഴിയുന്ന നാല് യന്ത്രങ്ങളാണ് എത്തിച്ചത്. താഴെ ഭാഗത്ത് അടിഞ്ഞുകൂടി മണ്ണ് ഒരു മണിക്കൂറോളം ഈ യന്ത്രങ്ങൾ നീക്കിയെങ്കിലും മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. എൻ.ഡി.ആർ.എഫിന് പുറമെ അഗ്‌നിരക്ഷാ സേനയും സന്നദ്ധ സംഘടനാ പ്രവർത്തകരും തെരച്ചിലിൽ വ്യാപൃതരാണ്. അറുന്നോറോളം പേരാണ് ചൊവ്വാഴ്ച പകൽ മുഴുവനും ദുരന്ത സ്ഥലത്ത് തെരച്ചിലിനുണ്ടായിരുന്നത്. മഴയൊഴിഞ്ഞു നിന്നെങ്കിലും വൻ മരങ്ങൾ ഉൾപ്പടെ പ്രദേശത്തേക്ക് ഒഴുകി വന്നടിഞ്ഞതിനാൽ തെരച്ചിൽ ദുഷ്‌കരമാണ്. ട്രാക്ടർ ഉപയോഗിച്ച് മരങ്ങൾ കെട്ടി വലിച്ച് ഒരു ഭാഗത്തേക്കുമാറ്റുന്നുണ്ട്.
ഭാഗികമായി തകർന്ന വീടുകളുടെ പരിസരത്തും പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള ഇടങ്ങൾ മാർക്ക് ചെയ്താണ് പരിശോധന പുരോഗമിക്കുന്നത്. സബ് കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്ത്വത്തിലുള്ള സംഘം തെരച്ചിലിന് നേതൃത്ത്വം നൽകുന്നു. ബുധനാഴ്ച രാവിലെ മുതൽ വീണ്ടും കൂടുതൽ സന്നാഹങ്ങളുമായി തെരച്ചിൽ തുടരുമെന്ന് സബ് കളക്ടർ അറിയിച്ചു. ഡെപ്യൂട്ടി കമാൻഡൻറ് ടി.എം ജിതേഷിന്റെ നേതൃത്ത്വത്തിലുള്ള എൻ.ഡി.ആർ.എഫിലെ നൂറ് പേരാണ് തെരച്ചിലിനിറങ്ങിയത്. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്ന ടീമംഗങ്ങളെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. സൈന്യവും തെരച്ചിലിൽ ആദ്യം മുതലെ ഉണ്ട്.