ശക്തമായ മഴയെ തുടർന്ന് വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും 88,854 ആളുകളെകളെയാണ് മാറ്റിതാമസിപ്പിച്ചതെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദേശ പ്രകാരമാണ് അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും ഇത്രയും ആളുകളെ മാറ്റിതാമസിപ്പിച്ചത്.

ഭൂരിഭാഗം പേരും ബന്ധുവീടുകളിലേക്ക് മാറിയപ്പോൾ 35,000 ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മണ്ണിടിച്ചൽ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നുമാണ് പ്രധാനമായും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

കഴിഞ്ഞ തവണ ഉരുൾപൊട്ടിയ കുറിച്യർമലയിൽ നിന്നും 1474 പേരെ മാറ്റിതാമസിപ്പിച്ചു. ആഗസ്റ്റ് എട്ടിന് ഉരുൾപൊട്ടിയ പുത്തുമലയിൽ നിന്നും നാലായിരത്തോളം പേരെയും മാറ്റിതാമസിപ്പിച്ചു. മുഴുവൻ ജീവനും സംരക്ഷണം നൽകാനാണ് ജില്ലാ ഭരണകൂടം പ്രഥമ പരിഗണന നൽകിയത്. ജില്ലയിൽ പ്രാഥമിക കണക്കനുസരിച്ച് 565 വീടുകൾക്കാണ് കേടുപാട് സംഭവിച്ചിട്ടുള്ളത്.

കനത്ത മഴയെ തുടർന്ന് ചെറുതും വലുതുമായ പത്ത് ഉരുൾപൊട്ടലാണ് ജില്ലയിൽ ഉണ്ടായിട്ടുള്ളത്. പുത്തുമല, വെള്ളരിമല, മംഗലശ്ശേരിമല, പെരിഞ്ചേർമല, നരിക്കുനി, മണിച്ചോട്, പഴശ്ശി കോളനി, പച്ചക്കാട്, മക്കിയാട്, കോറോം, ചാലിൽ മീൻമുട്ടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം സേനനാംഗങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്.