ആലപ്പുഴ: ബുധനാഴ്ച രാവിലെ 11 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ ആകെ ക്യാമ്പുകളുടെ എണ്ണം 105 ആയി. കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതോടെ അപ്പർ കുട്ടനാടൻ മേഖല ഉൾപ്പെടുന്ന കാർത്തികപ്പള്ളി താലൂക്കിലാണ് കൂടുതൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത്. 33 ക്യാമ്പുകളാണ് താലൂക്കിൽ പ്രവർത്തിക്കുന്നത്.

മറ്റുള്ള താലൂക്കുകളിലെ ക്യാമ്പുകളുടെ കണക്കുകൾ: ചെങ്ങന്നൂർ(32), കുട്ടനാട്(11), മാവേലിക്കര(12), ചേർത്തല(7), അമ്പലപ്പുഴ(10). ഇതോടെ 105 ക്യാമ്പുകളിലായി അന്തേവാസികളുടെ എണ്ണം 20289 ആയി. ഇവരിൽ 7784 പേർ പുരുഷൻമാരും, 8673 പേർ സ്ത്രീകളും 3832 പേർ കുട്ടികളുമാണ്.