ദുരന്തത്തിന്റെ ഓർമകളിൽ പകച്ചുനിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവും സാന്ത്വനവുമായി ആരോഗ്യ-സാമൂഹ്യനീതി-വനിതാ ശിശുവികന വകുപ്പ് മന്ത്രി കെ.കെ ശൈലജ മേപ്പാടിയിലെത്തി. മേപ്പാടിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ക്യാമ്പിലുള്ളവർക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വികാരങ്ങളിൽ പങ്കുചേരുകയും കുട്ടികളോടൊപ്പം അല്പം സമയം ചെലവിടുകയും ചെയ്തു. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ നിന്നും അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ എല്ലാവരുടെയും സഹകരണവും മന്ത്രി അഭ്യർത്ഥിച്ചു. സർക്കാരിന്റെ ശക്തി പൊതുജനങ്ങളുടെ സഹകരണമാണ്. അതിജീവനത്തിന് എല്ലാവരുടെയും സഹകരണമാണ് ഈ ഘട്ടത്തിൽ ആവശ്യം. ക്യാമ്പിലുള്ളവർക്ക് എന്ത് പ്രയാസമുണ്ടെങ്കിലും ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിക്കാം. ആരോഗ്യസേവനമടക്കമുള്ള സാധ്യമായ എല്ലാ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും തിരിച്ചുകൊണ്ടുവരാൻ കൗൺസലിങ് നൽകും. ഈ ദുരന്തത്തിൽ നിന്നും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പിൽ നിന്നും തിരികെ പോകാൻപറ്റാത്തവരുടെ കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ശാശ്വതമായ പുനരധിവാസ സംവിധാനം ഒരുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സി.കെ ശശീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ആരോഗ്യ കേരളം ഡയറക്ടർ കേശവേന്ദ്ര കുമാർ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ജില്ലാ മെഡിക്കൽ ഓഫീസർമാരായ ആർ. രേണുക, ഡോ. എ. പ്രീത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ബി. അബിലാഷ്, ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.