കാസർഗോഡ്: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കുമെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. പുല്ലൂര്‍-പെരിയ ഗവണ്‍മെന്റ് ഹൈസ് സ്‌കൂളില്‍   ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ ഏഴ് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ആര്‍ എം എസ് എ 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ രംഗത്ത് വലിയ  മാറ്റങ്ങള്‍  വരുത്താന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതിനാല്‍ ഓരോ വര്‍ഷവും ഇവിടെ  വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നുണ്ട്. പ്രഗത്ഭരായ അധ്യാപകരാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ക്ലാസ് എടുക്കുന്നത്. അതു കൊണ്ട്തന്നെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍  വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ലഭിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രളയം നമ്മുടെ സംസ്ഥാനത്തെ ഏറെ തളര്‍ത്തിയിരിക്കയാണ്. ഈ സമയത്ത് പ്രളയബാധിതരെ സഹായിക്കേണ്ടത്  നമ്മുടെ കടമയാണെന്നും മന്ത്രി പറഞ്ഞു.  എസ് എസ്  എല്‍ സി  പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്  മന്ത്രി ഉപഹാരം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍  സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള ഉപഹാരം കൈമാറി. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശാര്‍ദ എസ് നായര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എല്‍ ഉഷ,   കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാരായണന്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത്  വാര്‍ഡ് മെമ്പര്‍ വി സതീശന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ദിലീപ് മാസ്റ്റര്‍, കാസര്‍കോട് ഡി പി ഒ എം വി ഗംഗാധരന്‍, ഹോസ്ദുര്‍ഗ് ഉപജില്ല എ ഇ ഒ പി.വി ജയരാജ്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷോളി എം സെബാസ്റ്റ്യന്‍, മുന്‍ പിടിഎ പ്രസിഡന്റ് എ കുഞ്ഞിരാമന്‍,  എസ് എം സി ചെയര്‍മാന്‍ സുഗുണന്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി. വി സുനിത, എം പിടിഎ പ്രസിഡന്റ് ശൈല, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.