· * കളക്ഷൻ സെന്റർ ഇനി എസ്.എം.വി സ്‌കൂളിൽ

· * സഹായമെത്തിച്ചവർക്ക് നന്ദിയറിയിച്ച് പ്രസിഡന്റ്

പ്രളയബാധിത മേഖലകളിലേക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കയറ്റിഅയച്ചത് 50 ലോഡ് അവശ്യ വസ്തുക്കൾ. ആഗസ്റ്റ് 13ന് പട്ടത്തുള്ള ജില്ലാപഞ്ചായത്ത് ആസ്ഥാനത്ത് ആരംഭിച്ച കളക്ഷൻ സെന്ററിൽ നിന്നാണ് അവശ്യവസ്തുക്കൾ കയറ്റി അയച്ചത്.

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ 72 ഗ്രാമപഞ്ചായത്തുകളെയും 11 ബ്ലോക്ക് പഞ്ചായത്തുകളെയും ഏകോപിപ്പിച്ചാണ് അവശ്യ വസ്തുക്കൾ ശേഖരിച്ചത്. മാനവികതയുടെ മികച്ച മാതൃകയാണ് അനന്തപുരി കാഴ്ചവച്ചതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു. യുവതലമുറ കൈയ്യും മെയ്യും മറന്നാണ് സന്നദ്ധസേവനം നടത്തിയത്. സഹായമെത്തിച്ചവർക്ക് സ്‌നേഹവും നന്ദിയും അറിയിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സഹായശേഖരണം ഇന്നലെ (ആഗസ്റ്റ് 16) അവസാനിച്ചു. ഇനിയും സഹായമെത്തിക്കാൻ താത്പര്യമുള്ളവർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എസ്.എം.വി സ്‌കൂളിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ എത്തിക്കണം. കാലിത്തീറ്റ, സ്റ്റുഡന്റ്‌സ് കിറ്റ് എന്നിവയാണ് ഇനി അവശ്യമുള്ളത്.