കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി സെപ്തംബർ പത്ത് വരെ കേരളത്തിലുടനീളം വിപുലമായ ഓണം ഖാദി മേളകൾ സംഘടിപ്പിക്കുന്നു. മേളയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം തമ്പാനൂർ കെ.എസ്.ആർ.ടി കോംപ്‌ളകസിലെ വില്പനശാലയിൽ ഖാദി ബോർഡ്  സെക്രട്ടറി ശരത് വി രാജ് നിർവഹിച്ചു.

ഖാദി ബോർഡ് ഡയറക്ടർ കെ.എസ്.പ്രദീപ്കുമാർ, മാർക്കറ്റിംഗ് ഓഫീസർ പി.എൻ അജയകുമാർ എന്നിവർ സംസാരിച്ചു. സിൽക്ക് സാരികൾക്കായി ഓരോ വില്പനശാലയിലും പ്രത്യേക കൗണ്ടറുകളുണ്ട്. ഖാദി ഉത്പന്നങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ സർക്കാർ റിബേറ്റ്/ഡിസ്‌ക്കൗണ്ട് ലഭിക്കും.

ഭാഗ്യസമ്മാനങ്ങളുമുണ്ട്. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ നൽകും. നറുക്കെടുപ്പിലൂടെ വിജയികളെ നിശ്ചയിക്കും. ഒന്നാം സമ്മാനം പത്ത് പവൻ, രണ്ടാം സമ്മാനം അഞ്ച് പവൻ, മൂന്നാം സമ്മാനം 13 പേർക്ക് ഒരു പവൻ വീതം. ഓരോ ജില്ലയിലും ആഴ്ച തോറും ഒരാൾക്ക് 3000, 2000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ നൽകും. ഈ വർഷം സർക്കാർ അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.