* പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരിലും ഡോക്സിസൈക്ലിൻ എത്തിക്കാൻ തീവ്രയജ്ഞം

പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവർക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ എത്തിക്കാൻ ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്സി ഡേ ക്യാമ്പയിന്റെ സംസ്ഥാനതല പ്രചാരണ പരിപാടിയ്ക്ക് ശനിയാഴ്ച (ആഗസ്റ്റ് 17) രാവിലെ 10 മണിക്ക് തമ്പാനൂർ ബസ് സ്റ്റാന്റിൽ (ആരോഗ്യ വകുപ്പിന്റെ വഴികാട്ടി സെന്റർ) ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ തുടക്കം കുറിക്കും. സർക്കാർ ആശുപത്രികൾ, മറ്റ് ആരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയവ വഴി ഗുളികവിതരണം വ്യാപകമായി നടന്നു വരികയാണ്.

ഈ പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും മലിനജലവുമായി സമ്പർക്കമുണ്ടായ നഗരവാസികൾ തുടങ്ങിയവർ എല്ലാപേരും ഗുളിക കഴിച്ചുവെന്നു ഉറപ്പു വരുത്താനുമായാണ് ശനിയാഴ്ച മുതൽ ഡോക്സി ഡേ സംഘടിപ്പിക്കുന്നത്. പ്രളയം/മലിനജലവുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ 200 എം.ജി. (100 എം.ജി. വീതമുള്ള 2 ഗുളികകൾ) കഴിക്കണം.
പ്രളയബാധയോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന എലിപ്പനി തടയാൻ ഡോക്സിസൈക്ലിൻ ഗുളിക വളരെ ഫലപ്രദമാണ്.

എലിപ്പനി പ്രതിരോധത്തിന് ഡോക്സിസൈക്ലിൻ ഫലപ്രദമാകണമെങ്കിൽ മലിനജലവുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ എത്രയും വേഗം ഗുളിക കഴിക്കണം. നിലവിൽ പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും ഗുളികവിതരണം നടന്നു വരികയാണ്. എങ്കിലും പ്രതിരോധ ഗുളികകൾ പരമാവധി പേരിലെത്തിക്കാനാണ് ഡോക്സി ഡേ ആചരിക്കുന്നത്.

ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികൾ, കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ, ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർ നിശ്ചയിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഗുളിക വിതരണം നടത്തുന്നതാണ്. പ്രളയബാധിത പ്രദേശങ്ങളിലെ മുഴുവൻ ആളുകളും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ഗുളിക കഴിച്ച് എലിപ്പനിയിൽ നിന്നും രക്ഷ നേടണം. എലിപ്പനിക്ക് ആവശ്യമായ മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ലഭ്യമാക്കിയിട്ടുണ്ട്.
പി.എൻ.എക്സ്.2958/19