ഇടുക്കി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഉല്ലാസഗണിതം പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ഉല്ലാസഗണിതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രാജക്കാട് എന്‍.ആര്‍.സിറ്റി എസ്.എന്‍.വി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിര്‍വഹിച്ചു.

ഉല്ലാസ ഗണിതം പാഠ്യരീതി പോലെ ഗെയിമിലൂടെയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനവും. അതിഥികളായ കൊച്ചുത്രേസ്യ പൗലോസ്, റെജി പനച്ചിക്കല്‍ എം.ബി ശ്രീകുമാര്‍ എന്നിവര്‍  ചേര്‍ന്ന് ‘ ചങ്കായ അഞ്ച് ‘ എന്ന കളിയിലുടെ പാഠ്യപദ്ധതി ഉദ്ഘാടനം ചെയ്തത്  കുട്ടികള്‍ക്കും അതിഥികള്‍ക്കും പുതിയ അനുഭവം പകര്‍ന്നു.

വിദ്യാര്‍ഥികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ പഠന രീതി മാറ്റാനുള്ള പ്രവര്‍ത്തനമാണ് സമഗ്ര ശിക്ഷ  നടത്തുന്നത് ഇതിന് അധ്യാപകരും രക്ഷിതാക്കളും പിന്തുണ നല്‍കണമെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു.

ഒന്നാം ക്ലാസ്സിലെ ഗണിതപഠനം ലളിതവും രസകരവുമാക്കി വിഷയത്തോട് കുട്ടികളില്‍ താത്പര്യം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 34 ഗെയിമുകളിലൂടെ അടിസ്ഥാന ഗണിത ആശയങ്ങള്‍ കുട്ടികളില്‍ ഉറപ്പിക്കുവാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഉല്ലാസഗണിതം.

ഇതൊടൊപ്പം കഥാഖ്യാനം, കവിതകള്‍ ഇവയുടെ സാധ്യതകളും  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.കെ ഗംഗാധരന്‍ പദ്ധതി  വിശദീകരണം നടത്തി. പരിപാടിയോട് അനുബന്ധിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.

പ്രൈമറി വിഭാഗം ഹൈടെക് ലാബിന്റെ ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് റെജി പനച്ചിക്കല്‍ നിര്‍വ്വഹിച്ചു. സ്‌കൂളിലെ ശാസ്ത്ര-ഗണിത ക്ലബുകള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം സോമരാജന്‍ ഉദ്ഘാടനം ചെയ്തു.

രാജക്കാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എം.ബി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഡി.രാധാകൃഷ്ണന്‍ തമ്പി, അടിമാലി എ.ഇ.ഒ വിനയരാജ്, ബി.പി.ഒ ഷാജി തോമസ്, എസ്എന്‍വിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ജി. അജിത, ബ്ലോക്ക് പഞ്ചായത്തംഗം രാധാമണി പുഷ്പജന്‍, അധ്യാപകരായ  വി.കെ കിങ്ങിണി, എം.റ്റി ഉഷാകുമാരി, പി.റ്റി.എ പ്രസിഡന്റ് ഷാജി സി.ആര്‍ എന്നിവര്‍ സംസാരിച്ചു.