പത്തനംതിട്ട: മൗലികാവകാശങ്ങളെ പോലെ തന്നെ ഭരണഘടനയെയും കടമകളെക്കുറിച്ചും നമ്മുടെ വിദ്യാര്‍ഥികളെ ബോധവാന്മാരാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തെയും മൗലികാവകാശങ്ങളെയും കടമകളേയും കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്ന ലഘുലേഖകള്‍ എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ വിതരണം ചെയ്യാന്‍ കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

റാന്നി ചെല്ലക്കാട് സിറിയന്‍ ക്രിസ്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ(എസ് സി എച്ച് എസ് എസ്) ശതാബ്ദി ആഘോഷം മാര്‍ത്തോമ കണ്‍വെന്‍ഷന്‍ നഗര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

വിദ്യാര്‍ഥികളില്‍ ഭരണഘടനാ ബോധം സൃഷ്ടിക്കുക എന്നത് അത്യന്താപേക്ഷിതമാണ്.  നാം  ദേശ ജാതി മത ബോധത്തിന് അതീതമാണെന്നും നാം ഇന്ത്യക്കാരാണെന്നും കുട്ടികളില്‍ തിരിച്ചറിവുണ്ടാക്കണം. ഭരണഘടനാ പഠനത്തിലൂടെ  മാത്രമേ ഇത് സാധ്യമാകൂ.

നമ്മുടെ ഭരണഘടനയില്‍ സ്വാതന്ത്ര്യത്തേപ്പറ്റിയും അവകാശങ്ങളേയും കുറിച്ചു മാത്രമല്ല പ്രകൃതി സംരക്ഷണത്തേയും പറ്റി പ്രതിപാദിക്കുന്നുണ്ട്. കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നത് മലനിരകളും, വനങ്ങളാലും നിറഞ്ഞതിനാലാണ്. എന്നാല്‍, പ്രളയാനന്തര കേരളം ഇന്ന് അനുഭവിക്കുന്ന കഷ്ടതകള്‍ നാം തിരിച്ചറിഞ്ഞ് പ്രകൃതിയെ ഏതു രീതിയില്‍ സംരക്ഷിക്കണമെന്നും നിലനിര്‍ത്തണമെന്നും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ മനസിലാക്കുന്നതിന് അവരില്‍ അവബോധം സൃഷ്ടിക്കാന്‍ സമയം കണ്ടെത്തണം. വിദ്യാഭ്യാസം എന്നത് ഓരോ കുട്ടിയുടെയും മൗലികാവകാശമാണ്. ആറു മുതല്‍ 14 വയസുവരെയുളള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണം.

അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയുംകുറിച്ച് സംസാരിക്കുമ്പോള്‍ അത് ആണ്‍കുട്ടികള്‍ക്ക് മാത്രമായി ഒതുങ്ങരുത്. സമൂഹത്തിലും വീട്ടിലും പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ആണ്‍കുട്ടികള്‍ ശ്രമിക്കണം. സ്‌കൂളുകളില്‍ ലിംഗഭേദ സമത്വത്തിന്റെ മൂല്യം വിദ്യാര്‍ഥികള്‍ അവര്‍ക്ക് ചുറ്റുമുളള സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളില്‍ സാങ്കേതിക ശാസ്ത്ര സംബന്ധമായ പുരോഗതി എടുത്തു പറയേണ്ടതാണ്. മാറുന്ന സാങ്കേതിക വിദ്യയോടൊപ്പം മാറുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.  സാങ്കേതിക വളര്‍ച്ചയോടൊപ്പം മാനുഷിക കാഴ്ചപ്പാടിന്റെയും മൂല്യങ്ങളുടെയും ഉന്നതിയും നമ്മള്‍ പരിഗണിക്കണം.

അക്കാദമിക- സ്‌പോര്‍ട്‌സ്- കലാ-സാഹിത്യ മേഖലകളിലെ ഉയര്‍ച്ചയോടൊപ്പം ഗോ ഗ്രീന്‍ മിഷന്റെ ഭാഗമായി വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും പ്രകൃതിയോട് ഇണങ്ങിയുളള വസ്തുക്കള്‍ ഉപയോഗിക്കാനും വിദ്യാര്‍ഥികള്‍ സന്നദ്ധരാകണം. പ്രകൃതി സംരക്ഷണമെന്നത് ഓരോരുത്തരുടെയും കടമയാണ്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം  ഉത്തരവാദിത്വം ജീവിതത്തിന്റെ ഭാഗമായി കണക്കാക്കുന്ന ജനതയെ സൃഷ്ടിക്കുകയാണ്. അതിനാല്‍ ഗോ ഗ്രീന്‍ മിഷന്‍ എന്നത് ഭാവിയിലേക്ക് ഉത്തരവാദിത്വപ്പെട്ട വിദ്യാര്‍ഥി സമൂഹത്തെ വികസിപ്പിക്കുക എന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ഉയര്‍ച്ചയ്ക്കു  മതപരമായ നിരവധി സംഘടനകളുടെയും സന്നദ്ധ സംഘടകളുടെയും പ്രവര്‍ത്തനം സഹായകമായിട്ടുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് ജനതയുടെ ജീവിതങ്ങളില്‍ വെളിച്ചം പകരാനും ഇവര്‍ക്ക് സാധിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

റാന്നി ചെല്ലക്കാട് സിറിയന്‍ ക്രിസ്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഈ മേഖലയുടെ പുരോഗതിക്ക് നിര്‍ണായക പങ്ക് വഹിച്ചു. സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ട്. ചരിത്രത്തിലെ ഒരു വലിയ നാഴിക്കല്ലായ ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്്റ്റാഫ്, മാനേജ്‌മെന്റ്, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സന്തോഷത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതിലും സന്തോഷിക്കുന്നു.

ഈ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി മുന്‍പ് ഉണ്ടായിരുന്നതും, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരുമായ അധ്യാപകരുടെ ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്.
1920ല്‍ നാല് അധ്യാപകരും 48 കുട്ടികളുമായി ആരംഭിച്ച സ്‌കൂള്‍ ഇന്ന് 1580 വിദ്യാര്‍ഥികളും  85 അധ്യാപരും എട്ട് അനധ്യാപകരുമായി വളര്‍ന്നിരിക്കുകയാണ്.

ആധുനിക ലബോറട്ടറികളും വിശാലമായ ഓഡിറ്റോറിയവും വിദ്യാര്‍ഥികള്‍ക്ക് കാര്യക്ഷമമായ യാത്രാ സൗകര്യങ്ങളും ഒരുക്കുന്ന ഈ സ്‌കൂളിന് ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷ എഴുതുന്നു എന്ന പ്രത്യേകതയുമുണ്ട്.

വിദ്യാര്‍ഥികളുടെ പാഠ്യവിഷയങ്ങളിലെ നേട്ടങ്ങള്‍ക്കൊപ്പം സാമൂഹിക ഇടപെടലുകള്‍ കൂടിയാണ് ഈ വിദ്യാലയത്തെ നിലവാരമുളളതാക്കി മാറ്റുന്നത്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പല വിദ്യാര്‍ഥികളും സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിയവരാണ്.

നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് തൊട്ടടുത്ത ഗ്രാമത്തെ ദത്തെടുത്ത് നിരവധി കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗം കണ്ടെത്തി നല്‍കാന്‍ റാന്നി എസ് സി എച്ച് എസ് സ്‌കൂളിന് സാധിച്ചു. നൂറാം വാര്‍ഷിക സ്‌കോളര്‍ഷിപ്പ്, നൂറാം വാര്‍ഷിക ബ്ലോക്കിന്റെ നിര്‍മാണം, ലൈബ്രറി ഡിജിറ്റലൈസേഷന്‍, കംപ്യൂട്ടര്‍ ലാബിന്റെ നിലവാരമുയര്‍ത്തുക തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

മലങ്കര മാര്‍ത്തോമ സുറിയാനി സഭാ അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എം എല്‍ എ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, സ്‌കൂള്‍ മാനേജര്‍ റവ.ഫാ.മാത്യു സ്‌കറിയ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീനാ ആനി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സിറിയന്‍ ക്രിസ്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജിംഗ് ബോര്‍ഡ് സെക്രട്ടറി ടി.പി ഫിലിപ്പ്, ശതാബ്ദി ആഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ അഡ്വ.എബ്രാഹാം മാത്യു, ജേക്കബ് തോമസ്, ഹെഡ്മാസ്റ്റര്‍ ജേക്കബ് ബേബി, സ്റ്റാഫ് സെക്രട്ടറി മാത്യു തോമസ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു.