ജില്ലയിലെ ഉരുൾപൊട്ടിയ മേഖലകൾ സന്ദർശിച്ച് അടിയന്തര റിപോർട്ട് നൽകുന്നതിനായി വിദഗ്ധസംഘം ഇന്നലെ രാവിലെ ജില്ലയിലെത്തി. താലൂക്ക് അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിർദേശിച്ച സ്ഥലങ്ങളിൽ സംഘം ഒരാഴ്ചക്കുള്ളിൽ പരിശോധന പൂർത്തിയാക്കും. നിലവിൽ 101 സ്ഥലങ്ങളാണ് ജില്ലയിൽ പരിശോധനയ്ക്കായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഇരുപതോളം സ്ഥലങ്ങൾ കഴിഞ്ഞ വർഷം പ്രളയം ബാധിച്ച സ്ഥലങ്ങളാണ്. സംഘം കണ്ടെത്തുന്ന പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായിവരുന്ന പ്രദേശങ്ങളിൽ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തും. ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ വാസയോഗ്യമാണോയെന്ന് പരിശോധിക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഈ പ്രദേശങ്ങളിൽ നിന്നും മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസത്തിന് കാലതാമസം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.
ജില്ലയിൽ രണ്ടുപേരടങ്ങുന്ന 10 ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ സംഘത്തിലും ഓരോ ജിയോളജുസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമുണ്ടാവും. തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് പരിശോധന പൂർത്തിയാക്കുക.