പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ ദുരന്തസാധ്യതാ പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണത്തിനും ക്വാറി ഉൾപ്പെടയുളള ഖനന പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എ.ആർ.അജയകുമാറാണ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തികൊണ്ടാണ് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും ഉത്തരവിറക്കിയിരിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ച് ദുരന്തനിവാരണത്തിലൂന്നിയുള്ള വികസനങ്ങൾക്കാണ് ജില്ലയിൽ ഇനിമുതൽ പ്രധാന്യം നൽകുക. സാധാരണ ജനജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ദുരന്ത സാധ്യത മേഖലകളിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിങ്ങൾക്കാണ് നിയന്ത്രണം വരിക. ഇത്തരത്തിൽ കെട്ടിടങ്ങൾക്കും സംരംഭങ്ങൾക്കും നിർമ്മാണ അനുമതി നൽകണമെങ്കിൽ ഉത്തരവ് പാലിക്കണം. കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിയമങ്ങളും ചട്ടങ്ങളിലും ദുരന്ത സാധ്യത മേഖലകളിലെ കെട്ടിട നിർമ്മാണം സംബന്ധിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

അനുശാസിക്കുന്ന നിയന്ത്രണങ്ങൾ
ജില്ലാ ദുരന്ത നിവാരണ പ്ലാനിലെ അപകട സാധ്യത മാപ്പിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതായി അടയാളപ്പെടുത്തിയ സ്ഥലങ്ങളും അതിന്റെ അതിരിൽ നിന്ന് 500 മീറ്റർ ദൂരം വരെയുള്ള ഭാഗങ്ങളും ഉരുൾപൊട്ടൽ സാധ്യത മേഖലയായി കണക്കാക്കും. ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണത്തിന് നിയന്ത്രണം ഉണ്ടാകും. വാണിജ്യാവശ്യത്തിനുള്ള വലിയ കെട്ടിടങ്ങൾക്ക് അനുമതി ലഭിക്കില്ല. താമസിക്കാനുള്ള കെട്ടിടം, വിദ്യാഭ്യാസ സ്ഥാപനം, ആരാധനാലയം, ക്ലബ് പോലുള്ള സാമൂഹ്യ ആവശ്യത്തിനുള്ള കെട്ടിടം, ചെറുകിട വ്യവസായ യൂണിറ്റുകൾ, ആശുപത്രി എന്നിവ നിർമ്മിക്കാനുളള അനുമതി പരിശോധനയ്ക്ക് വിധേയമാക്കി മാത്രം നൽകും. ഈ മേഖലയിലെ കെട്ടിടങ്ങളുടെ പരമാവധി വലിപ്പം 200 ചതുരശ്ര മീറ്ററും രണ്ടു നിലയും, ഉയരം എട്ടു മീറ്ററുമായി നിജപ്പെടുത്തിയിട്ടുണ്ട്.
ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ ഖനനവും യന്ത്രം ഉപയോഗിച്ചുള്ള മണ്ണെടുപ്പും കർശനമായി നിരോധിച്ചിട്ടുണ്ട്. അനുവദനീയമായ കെട്ടിടങ്ങളുടെ അസ്ഥിവാരം പണിയാനും, കിണർ കുഴിക്കാനും, കെട്ടിടങ്ങൾക്ക് ആവശ്യമായ സാനിറ്റേഷനും കുടിവെള്ള സൗകര്യവും ഒരുക്കാനുമുള്ള പ്രവൃത്തികൾ മാത്രമേ ഇത്തരം മേഖലകളിൽ ഇനി മുതൽ അനുവദിക്കുക. മണ്ണ് കുത്തനെ വെട്ടിയിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മണ്ണ് ഇടിക്കുന്നത് ശാസ്ത്രീയമായി ഓരോ മൂന്നു മീറ്റർ ഉയരം ഇടവിട്ടും രണ്ടു മീറ്ററെങ്കിലും വീതിയുള്ള തട്ടാക്കിയും മാത്രമേ അനുവദിക്കു. ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്. ഉരുൾപൊട്ടൽ സാധ്യത മേഖലയിലുള്ള സ്വാഭാവിക നീർച്ചാലുകളെ തടസപ്പെടുത്തി യാതൊരു നിർമാണവും അനുവദിക്കില്ല. സ്വാഭാവിക നീർച്ചാലുകളെ തടസപ്പെടുത്തി നിർമ്മിച്ച എല്ലാ സ്വകാര്യ കൃത്രിമ ജലസംഭരണ സംവിധാനങ്ങളും സുരക്ഷിതമായി കാലിയാക്കുകയും അവയിൽ വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ള പദ്ധതിക്കായി നിർമ്മിച്ച സംഭരണികളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരിശോധക്കാൻ സമിതി
ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കെട്ടിടം തകർന്ന് പോകൽ, കെട്ടിടം ഇടിഞ്ഞ് താഴ്ന്നുപോകൽ എന്നിവ നടന്ന സ്ഥലങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള അഞ്ചു നിലയിൽ കൂടുതലുള്ള എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷ വിദഗ്ധസമിതി പരിശോധിക്കും. ഉരുൾപൊട്ടൽ സാധ്യത മേഖലയിലുള്ള വാസഗൃഹം അല്ലാത്ത എല്ലാ നിർമിതികളും 200 ചതുരശ്ര മീറ്ററിൽ അധികമുള്ള വാസഗൃഹങ്ങളും ഇതേ വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ പരിശോധിക്കും. എ.ഡി.എം കെ. അജീഷ് ചെയർമാനായും ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ പി.യു ദാസ് കൺവീനറുമായുള്ള ആറംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചിട്ടുളളത്. കോഴിക്കോട് എൻ.ഐ.ടി (സിവിൽ എൻജിനീയറിംഗ്), കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനെജ്മെന്റ്, തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് എന്നിവിടങ്ങളിലെ വിദഗ്ധരും ജില്ലാ ടൗൺ പ്ലാനറും അടങ്ങുന്നതാണ് സമിതി.
ഉരുൾപൊട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറികൾക്ക് രണ്ടാഴ്ചക്കുള്ളിൽ നോട്ടീസ് നൽകി അടച്ച്പൂട്ടാൻ ബന്ധപ്പെട്ട തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതികളുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കണം. മറ്റു സ്ഥലങ്ങളിലും അനുമതിയില്ലാതെ ക്വാറികൾ പ്രവർത്തിക്കുന്നില്ലെന്ന് തദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പരിശോധിച്ച് ഉറപ്പുവരുത്തണം. ക്വാറികൾ നിബന്ധനകൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് ജിയോളജിസ്റ്റ് സെപ്തംബർ 20 മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തും. അല്ലാത്തവയുടെ പ്രവർത്തനം നിരോധിക്കും. ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എന്നിവരടങ്ങിയ സംഘം നിലവിൽ ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ സോയിൽ പൈപ്പിങ്, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മുതലായവ സംബന്ധിച്ചും പരിശോധന നടത്തണം. പരിശോധനാ റിപോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

രജിസ്ട്രേഷൻ ഇല്ലാത്ത കെട്ടിടങ്ങൾ റദ്ദാക്കും
ജില്ലയിലെ രജിസ്റ്റർ ചെയ്ത എല്ലാ റിസോർട്ടുകളും അതോടൊപ്പം വാസഗൃഹം, വിദ്യാഭ്യാസം, ആശുപത്രി, സാമൂഹ്യാവശ്യം, ആരാധനാലയം എന്നിവയിൽ ഉൾപ്പെടാത്ത കെട്ടിടങ്ങളും പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപാലിറ്റി പരിശോധിക്കുകയും അവയുടെ രജിസ്ട്രേഷനുള്ള സുരക്ഷാ നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. നിബന്ധന പാലിക്കാത്തവയുടെയും രജിസ്റ്റർ ചെയ്യാത്തവയുടെയും പ്രവർത്തനം നിർത്തലാക്കും. പരിശോധനയ്ക്കായി തദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങൾ നിലവിലെ കെട്ടിടങ്ങളുടെ പ്രവർത്തന അനുമതി പുതുക്കി നൽകുകയുള്ളൂ.