പുത്തുമലയിലുൾപ്പെടെ മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ദുരിതബാധിതർക്കു മനക്കരുത്തേകാൻ തയ്യാറാക്കിയ ‘ഹൃദയഹസ്തം’ പദ്ധതി രണ്ടാംഘട്ടം സെപ്റ്റംബർ മൂന്നുമുതൽ ഏഴുവരെ നടക്കും. വയനാട്, കണ്ണൂർ ജില്ലകളിലെ ആരോഗ്യകേരളം, കണ്ണൂർ ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൗൺസലിങ് എന്നിവ സംയുക്തമായാണ് പ്രളയബാധിതർക്കുള്ള മാനസിക ശാക്തീകരണ പരിപാടി ‘ഹൃദയഹസ്തം’ നടപ്പാക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിർദേശപ്രകാരം ആഗസ്റ്റ് 19 മുതൽ 21 വരെയായിരുന്നു ആദ്യഘട്ടം. ഇതു വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടത്തിന് തുടക്കംകുറിക്കുന്നത്. ദുരന്തം നേരിട്ടും അല്ലാതെയും ബാധിച്ച മുഴുവൻ ആളുകൾക്കും കൗൺസലിങും സൈക്കോ തെറാപ്പിയും നൽകി മാനസികമായി ശാക്തീകരിക്കുകയാണ് ലക്ഷ്യം. പുനർനിർമ്മാണ പ്രവർത്തനങ്ങളെ പൂർണ സജ്ജമാക്കുക, ദുരന്തമേഖലകളിൽ വിവിധ തലങ്ങളിൽ മുൻനിരയിൽ നിന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ മാനസികമായി ശാക്തീകരിക്കുക, ദുരന്തത്തിന്റെ വേദന മറക്കാനും പുതുജീവിതത്തിലേക്ക് വരാനുമുള്ള പൊതു അന്തരീക്ഷം സൃഷ്ടിക്കുക, ദുരന്തങ്ങളിൽ പതറാതെ പ്രതീക്ഷയോടെ ജീവിതത്തോട് ചേർന്നുപോവാനുള്ള കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുക, ദുരന്തമുഖങ്ങളിൽ കൈമെയ് മറന്ന് ഒന്നിച്ചു പ്രവർത്തിക്കുന്ന വിവിധ തലങ്ങളിലെ ആളുകളുടെ കൂട്ടായ്മകളെ ശാസ്ത്രീയ, മനശ്ശാസ്ത്ര രീതികളിലുടെ ശാക്തീകരിക്കുക, ഓരോ വ്യക്തിയിലും നിലനിൽക്കുന്ന സ്വയം പരിഹാര ശേഷിയെ ഉണർത്തി വ്യക്തിത്വം ശക്തിപ്പെടുത്തുക തുടങ്ങിയവയും രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്.
സി.കെ ശശീന്ദ്രൻ എംഎൽഎ, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, മേപ്പാടി പാഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ഡിഎംഒ ഡോ. ആർ രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ്, കണ്ണൂർ ഡിപിഎം ഡോ. ലതീഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂന മർജ, ഡോ. പ്രിയ, ജില്ലാ മെന്റൽ ഹെൽത്ത് നോഡൽ ഓഫിസർ ഡോ. ഹരീഷ് കൃഷ്ണൻ, സൈക്യാട്രിസ്റ്റ് ഡോ. ജോസ്റ്റിൻ, മേപ്പാടി മെഡിക്കൽ ഓഫിസർ ഡോ. ഷാഹിദ്, ആശാ കോ-ഓഡിനേറ്റർ സജേഷ് ഏലിയാസ്, കണ്ണൂർ ഹൃദയാരാം ഡയറക്ടർ ഡോ. സിസ്റ്റർ ട്രീസ പാലക്കൽ, ഹൃദയാരാം ടീം ലീഡർ ഗഫൂർ, കോ-ഓഡിനേറ്റർ റിനീഷ് തുടങ്ങി കൗൺസലിങിലും സൈക്കോ തെറാപ്പിയിലും പ്രായോഗിക പരിശീലനം നേടിയ, ദുരന്തമേഖലകളിൽ ഇടപെടുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച 40 പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
സെപ്റ്റംബർ ഏഴുവരെ ദിവസം നാലു വാർഡ് എന്ന നിലയിൽ അഞ്ചുപേർ ഉൾപ്പെട്ട സംഘം ദുരന്തബാധിത മേഖലകളിൽ പ്രവർത്തിക്കും. ഒരോ വാർഡിലും മെംബറുടെ നേതൃത്വത്തിൽ പ്രദേശത്തെ പൊതുപ്രവർത്തകർക്കൊപ്പം സംഘാംഗങ്ങൾ വീടുകളിലും പൊതു സ്ഥലങ്ങളിലും ചെറു കൂട്ടായ്മകളിലും വ്യക്തിഗത-ഗ്രൂപ്പ് കൗൺസലിങ് നടത്തും. അങ്കണവാടി, ക്ലബ്ബുകൾ, വായനശാല എന്നിവിടങ്ങളിൽ 20-30ൽ കുറയാത്ത കുടുംബാംഗങ്ങളെ എത്തിച്ചാവും ഗ്രൂപ്പ് കൗൺസലിങ്. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുൻഗണന നൽകി ഒരു പ്രത്യേക സംഘം കൗൺസലിങ്ങും സൈക്കോതെറാപ്പിയും നൽകും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പരീക്ഷയെ ബാധിക്കാത്ത രീതിയിൽ അധ്യാപകരെയും പിടിഎ അംഗങ്ങളെയും ശാക്തീകരിക്കും. ആരാധനാലയങ്ങളിലെ കൂട്ടായ്മകളിൽ ബോധവൽക്കരണം നടത്തും. സെപ്റ്റംബർ ഏഴിന് നടക്കുന്ന അതിജീവന സംഗമത്തിൽ സമ്പൂർണ ‘ദുരന്താനന്തര മാനസികാഘാത മുക്ത മേപ്പാടി പഞ്ചായത്ത്’ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ ആശാപ്രവർത്തകരുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക.
രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മേപ്പാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ് ആക്ഷൻപ്ലാൻ വിശദീകരിച്ചു. ജില്ലാ മെന്റൽ ഹെൽത്ത് നോഡൽ ഓഫിസർ ഡോ. ഹരീഷ് കൃഷ്ണൻ, ആർദ്രം നോഡൽ ഓഫിസർ ഡോ. മിഥുൻ പ്രകാശ്, മേപ്പാടി മെഡിക്കൽ ഓഫിസർ ഡോ. ഷാഹിദ്, ആശാ കോ-ഓഡിനേറ്റർ സജേഷ് ഏലിയാസ്, കണ്ണൂർ ഹൃദയാരാം ഡയറക്ടർ ഡോ. സിസ്റ്റർ ട്രീസ പാലക്കൽ, ഹൃദയാരാം ടീം ലീഡർ ഗഫൂർ, കോ-ഓഡിനേറ്റർ റിനീഷ്, ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.