ജനകീയ ദുരന്തപ്രതിരോധ സേന രൂപീകരിക്കും 

അഗ്നിരക്ഷാ സേവന വകുപ്പിനു കീഴിൽ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉൾപ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവിൽ ഡിഫൻസ്) രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങൾ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാൻ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങൾക്കു പുറമെ വാഹനാപകടങ്ങൾ പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് സഹായം എത്തിക്കാനും സിവിൽ ഡിഫൻസ് പ്രയോജനപ്പെടുത്തും. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന സേനയായി ഇതിനെ മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നു. ആധുനിക കമ്പ്യൂട്ടർ-മൊബൈൽ നെറ്റുവർക്കുകളുടെ സഹായത്തോടെ സിവിൽ ഡിഫൻസിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കും.

കേരളത്തിലെ 124 ഫയർ ആന്റ് റെസ്‌ക്യു സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സിവിൽ ഡിഫൻസ് യൂണിറ്റുകൾ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് തൃശ്ശൂർ സിവിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിലും വിയ്യൂർ ഫയർ ആന്റ് റെസ്‌ക്യൂ സർവ്വീസസ് അക്കാദമിയിലും പരിശീലനം നൽകും.

പ്രകൃതിദുരന്ത മുന്നറിയിപ്പുകൾ ജനങ്ങളിൽ എത്തിക്കുക, ആവശ്യമെങ്കിൽ നടപടികൾ സ്വീകരിക്കാൻ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികൾക്കും വേഗത്തിൽ അറിയിപ്പ് നൽകുക, രക്ഷാപ്രവർത്തകർ എത്തുന്നതുവരെയുള്ള ഇടവേളയിൽ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങൾ നടത്തുക, ദുരന്തവേളയിൽ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളിൽ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവിൽ ഡിഫൻസ് സേനയുടെ ചുമതലകൾ.

പരിശീലനം പൂർത്തിയാക്കുന്ന വോളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്. ജില്ലയിലെ ജില്ലാ ഫയർഫോഴ്‌സ് ഓഫീസർമാരായിരിക്കും വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്ന നോഡൽ ഓഫീസർ. ഓൺലൈൻ വഴി ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയർമാരെ സർക്കാർ ആദരിക്കും.

ഡിഫൻസ് സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ഏഴു തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

ആദിവാസി ജനവിഭാഗങ്ങളിൽ നിന്നും പുതുതായി 125 പോലീസ് കോൺസ്റ്റബിൾ

പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ ആദിവാസി ജനവിഭാഗങ്ങളിൽ  നിന്നും 125 പേരെ പോലീസ് കോൺസ്റ്റബിളായി നിയമിക്കുന്നതിന് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. പി.എസ്.സി. മുഖേനയായിരിക്കും നിയമനം.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (അൺഎയ്ഡഡ്) അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിന്റെ അംഗീകാരം തേടാൻ തീരുമാനിച്ചു.

കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ കരട് സ്‌കീം മന്ത്രിസഭായോഗം അംഗീകരിച്ചു.

കേരള ആധാമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധിയിലേക്കുള്ള അംശദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ടവർക്ക് അത് പുനരുജീവിപ്പിക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാൻ ആക്ടിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ 17 അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഡ്രാഫ്റ്റ്‌സ്മാൻ/ഓവർസിയർ (സിവിൽ), ഡ്രാഫ്റ്റ്‌സ്മാൻ/ ഓവർസിയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽഹെൽത്ത് ആന്റ് ന്യൂറോസയൻസസിലെ (ഇംഹാൻസ്) അധ്യാപക തസ്തികകളുടെ ശമ്പള സ്‌കെയിൽ നിർണ്ണയിച്ചതിലെ അപാകത പരിഹരിക്കാൻ തീരുമാനിച്ചു. ഇവരുടെ ശമ്പള സ്‌കെയിൽ ആരോഗ്യവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികകളുടെ ശമ്പളസ്‌കെയിലിനു സമാനമായി ഉയർത്താനും തീരുമാനിച്ചു.

2005 കേരള ഭൂപരിഷ്‌കരണ (ഭേദഗതി) നിയമത്തിലെ 7-ഇ പ്രകാരം ‘ഇലൃശേളശരമലേ ീള ഠശഹേല’ നൽകുന്ന കേസുകളിലെ അപാകതക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നതിന് 102-ാം വകുപ്പിന്റെ പരിധിയിൽ 106 ബി വകുപ്പ് കൂടി ചേർത്ത് കേരള ഭൂപരിഷ്‌കരണ ആക്ട് ഭേദഗതി ചെയ്യാൻ തീരുമാനിച്ചു.

സ്‌പെഷ്യൽ ബ്രാഞ്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (എസ്.ബി.സി.ഐ.ഡി) പേര് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് (എസ്.എസ്.ബി) എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു.