കിലോ മീറ്ററുകളോളം ഉരുൾപൊട്ടിയെത്തിയ മണ്ണും പാറക്കൂട്ടവും മരവും പ്രദേശത്തെ ടീ എസ്റ്റേറ്റിലെ പാടിയും കാന്റിനുമടക്കമുള്ളവയെ നിമിഷം നേരം കൊണ്ടില്ലാതാക്കി. ഏക്കറുകണക്കിനു ഭൂമി ഒലിച്ചു പോവുകയും ഒരു നാടുമുഴുവൻ ഒറ്റപ്പെടുകയും ചെയ്തു. പ്രദേശത്തേക്ക് എത്തിച്ചേരാൻ പറ്റാത്തവിധം റോഡിന്റെ വിവിധഭാഗങ്ങൾ പൂർണ്ണമായി അടഞ്ഞു. ആഗസ്റ്റ് എട്ടിന് വൈകിട്ട് ഏഴുമണിയോടെ തന്നെ മൂന്നോളം ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റാൻ ശ്രമിച്ചെങ്കിലും കനത്തമഴയെ തുടർന്ന് മണ്ണിടിയാൻ തുടങ്ങിയതോടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായി. ആഗസ്റ്റ് ഒൻപതിന് രാവിലെ ആറിന് ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻഡിആർഎഫ്) കണ്ണൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിട്ടി കോർപിസിന്റെയും (ഡിഎസ്‌സി) 100 ഓളം പേരടങ്ങുന്ന ടീമുകളും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന് കനത്ത മഴ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. റോഡിലെ മണ്ണ് മാറ്റി രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടുകയായിരുന്നു ആദ്യ ശ്രമം. അന്ന് ഉച്ചയോടെ സംഘം പുത്തുമല ഉരുൾപൊട്ടിയ ഭാഗത്തെത്തി. മുണ്ടക്കൈ-ചൂരൽമല ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പുത്തുമലയിലെ പാലത്തിലൂടെ ഉരുൾപൊട്ടിവന്ന ചളിവെള്ളത്തിന്റെ ശക്തമായ ഒഴുക്ക് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് ബദൽ റോഡുകൾ ഉണ്ടാക്കി ജെസിബിയും ഹിറ്റാച്ചിയും പ്രദേശത്തേക്ക് എത്തിക്കുകയായിരുന്നു.

അപകട ഭീക്ഷണിയെ തുടർന്ന് പ്രദേശത്തു നിന്നും ഭൂരിഭാഗം ആളുകളെയും ആദ്യംതന്നെ മുണ്ടക്കൈ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. കൂടാതെ ഒന്നര ദിവസം മുമ്പുതന്നെ എലവയൽ, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നിന്നും രണ്ടായിരത്തിലധികം പേരെ മേപ്പാടിയിലെ വിവിധ ക്യാമ്പുകളിലേക്കും മാറ്റിയതും അപകടത്തിന്റെ തോത് കുറയ്ക്കാൻ സഹായകമായി. കഴിഞ്ഞ 20 വർഷത്തിനിടെ പുത്തുമല പ്രദേശത്ത് ഉരുൾപൊട്ടലൊന്നും റിപോർട്ട് ചെയ്തിട്ടില്ല. 2018-ലെ മഹാപ്രളയ സമയവും പുത്തുമല സുരക്ഷിതമായിരുന്നു. എന്നാൽ അതിശക്തമായ ഉരുൾപൊട്ടലിൽ ഒരു ഗ്രാമം തന്നെ മണ്ണിനടിയിലമർന്നുപോയ സാഹചര്യമാണുണ്ടായത്. പ്രദേശത്ത് 12 അടിയോളം ഉയരത്തിൽ ചളി അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

ഒൻപതു മൃതദേഹങ്ങൾ ആദ്യദിവസങ്ങളിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞു. തുടർച്ചയായ തിരച്ചലുകൾക്കുശേഷം ആറാം ദിവസം ആഗസ്റ്റ് 18നാണ് 11-ാമത്തെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. ഉരുൾപൊട്ടിയ സ്ഥലത്തു നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ഈ പശ്ചാത്തലത്തിൽ അതീവ ദുർഘടമായ സൂചിപ്പാറ പ്രദേശത്ത് 12 പേരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി. ആഗസ്റ്റ് 19ന് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് 1500 അടി താഴെനിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. പത്ത് മണിക്കൂറത്തെ പരിശ്രമം വേണ്ടിവന്നു. അവശേഷിക്കുന്നവരെ കണ്ടെത്താൻ കന്തൻപാറയിലേക്കും തുടർന്ന് നിലമ്പൂർ ഭാഗങ്ങളിലേക്കും തിരച്ചൽ വ്യാപിപ്പിച്ചു. ഫയർഫോഴ്‌സ്, ദുരന്തനിവാരണ സേന, ഫോറസ്റ്റ്, പൊലീസ്, നാട്ടുകാർ എന്നിവരടങ്ങുന്ന 30 അംഗ ടീം പരപ്പൻപാറയിൽ നിന്നും നിലമ്പൂർ മുണ്ടേരിയിലേക്കുള്ള 25 കിലോമീറ്ററോളം നടന്നുപോയി തിരച്ചൽ നടത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ എലവയൽ കുളത്തിനടിയിൽ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ധരും കാണാതായവർക്കായി തിരഞ്ഞു. എന്നാൽ സാധ്യമായ എല്ലായിടങ്ങളിലും തിരച്ചൽ നടത്തിയെങ്കിലും അവശേഷിക്കുന്നവരെ കണ്ടെത്താനുള്ള പരിശ്രമം വിഫലമാവുകയായിരുന്നു.

കാണാതായവരെ കണ്ടെത്താൻ ശാസ്ത്രീയ രീതികളായ മാപ്പിംഗ്, സ്‌നിപ്പർ ഡോഗ്, ഗ്രൗണ്ട് പെനേട്രേറ്റിംഗ് റഡാർ സംവിധാനങ്ങളും 13 ഹിറ്റാച്ചികൾ, ജെസിബി അടക്കമുള്ള ഉപകരണങ്ങളും ഉപയോഗിച്ചു. ഫയർഫോഴ്‌സ്, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, വനം വകുപ്പ്, വിവിധ വകുപ്പുകൾ, കോഴിക്കോട് വയനാട് ജില്ലകളിലെ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുമടക്കം അഞ്ഞൂറോളം പേർ പുത്തുമല ദൗത്യത്തിൽ പങ്കെടുത്തിട്ടുണ്ട്. മേപ്പാടി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തെ തുടർന്നാണ് കാണാതായവരുടെ ബന്ധുക്കളുടെ കൂടി സമ്മതത്തോടെ 18 നാൾ നീണ്ട തിരച്ചൽ ആഗസ്റ്റ് 27ന് അവസാനിപ്പിച്ചത്. സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ശാസ്ത്രീയ രീതികളും അവലംബിച്ച് മുഴുവൻ പേരെയും കണ്ടെത്താൻ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീരുമാനം.

പുത്തുമല പച്ചക്കാട് മേഖലയിൽ ഉരുൾപൊട്ടി അപകടത്തിൽപ്പെട്ടത് 17 പേരായിരുന്നു. പൊലീസ്, റവന്യൂ, പഞ്ചായത്ത്, എച്ച്എംഎൽ അധികൃതർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് നിന്നും കാണാതായവരുടെ പട്ടിക തയ്യാറാക്കിയത്. അവശേഷിക്കുന്ന അഞ്ചുപേർക്കുവേണ്ടിയായിരുന്നു തിരച്ചൽ ഊർജ്ജിതമാക്കിയിരുന്നത്. പ്രദേശത്ത് 58 വീടുകൾ പൂർണ്ണമായും 22 വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. പ്രദേശത്തെ മാനസിക ആഘാത വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള ബൃഹത്തായ കൗണസലിംഗ് പദ്ധതികളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ തിരച്ചിൽ ആവശ്യപ്പെട്ടാൽ തഹദിൽദാരുടെ നേതൃത്വത്തിലുളള സംഘം പൂർണ്ണസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. പ്രാദേശികമായി തിരച്ചൽ നടത്തുന്നവർ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പുത്തുമല പുനരധിവാസത്തിനായുള്ള അനുയോജ്യ സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പുത്തുമല പാടികളിലുള്ളവർക്കടക്കം പുനരധിവാസം സാധ്യമാക്കാനാണ് ലക്ഷ്യം. പുത്തുമല ഉരുൾപൊട്ടലും തുടർന്നു നടന്ന രക്ഷാപ്രവർത്തനത്തിന്റെയും സമഗ്ര റിപോർട്ട് ജില്ലാ ദുരന്തനിവാരണ അതോറിട്ടി സംസ്ഥാന സർക്കാരിനു സമർപ്പിക്കും.

ആഗസ്റ്റ് എട്ടിന് രാത്രിയോടെ സബ് കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലാണ് പുത്തുമല ദൗത്യം തുടങ്ങുന്നത്. സി.കെ ശശീന്ദ്രൻ എംഎൽഎ ജില്ലാ കളക്ടർ എ.ആർ അജയകുമാർ, സ്‌പെഷ്യൽ ഓഫീസർ യു.വി ജോസ് എന്നിവർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ ശൈലജ, ജില്ലയിലെ എം.എൽ.എമാർ എന്നിവരും പ്രദേശം സന്ദർശിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, വൈത്തിരി തഹദിൽദാർ ടി.പി അബ്ദുൾ ഹാരീസ്, ആരോഗ്യകേരളം ഡിപിഎം ഡോ. ബി അഭിലാഷ്, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ കെ. സിബി വർഗീസ്, സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത് കുമാർ എന്നിവരടങ്ങുന്ന സംഘം മുഴുവൻ സമയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.