പത്തനംതിട്ട: ബാലനീതി നിയമവുമായി ബന്ധപ്പെട്ട്  ജില്ലയിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസത്തില്‍ ജില്ലയില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുവാന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  സ്റ്റേക് ഹോള്‍ഡര്‍മാരുടെ യോഗം തീരുമാനിച്ചു.
ജുവനൈല്‍ ജസ്റ്റിസ് നിയമം കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ നമ്മുക്ക് കഴിയണമെന്നും കുട്ടികളുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും ഇടപെടാന്‍ കഴിയണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കുട്ടികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിനു കഴിഞ്ഞില്ലെങ്കില്‍ ഭാവി തലമുറയെ ദോഷകരമായി ബാധിക്കുമെന്നും ജില്ലാ കളക്ടര്‍ സൂചിപ്പിച്ചു.
കുട്ടികളുടെ നിലവിലെ അവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയണമെന്നും ബാലാവകാശ സംരക്ഷണത്തിന്റെ വലയത്തില്‍ നിന്നും ഒരു കുട്ടി പോലും വിട്ടു പോകരുതെന്ന ലക്ഷ്യത്തോടെയാകണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യുണിറ്റ്(എസ് ജെ പി യു), ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി, ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍(സി.സി.ഐ) എന്നിവ പ്രവര്‍ത്തിക്കേണ്ടതെന്നും കമ്മീഷന്‍ അംഗം സി.ജെ ആന്റണി നിര്‍ദേശിച്ചു. ട്രൈബല്‍ മേഖലയിലെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ജെ.ജെ.ബിയില്‍ രജിസ്‌ട്രേഷനുള്ള 46 സ്ഥാപനങ്ങളിലെ കുട്ടികളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ സംബന്ധമായ എല്ലാ സാഹചര്യങ്ങളും വിലയിരുത്തിയുള്ള റിപ്പോര്‍ട്ടാകണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍(സി.സി.ഐ), ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ സെപ്റ്റംബര്‍ അവസാനത്തോടെ  സമര്‍പ്പിക്കേണ്ടത്.
റിപ്പോര്‍ട്ടിനൊപ്പം ജില്ലയിലെ കുട്ടികളുടെ മൊത്തത്തിലുള്ള സംരക്ഷണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള ഭേദഗതികളും നിര്‍ദേശിക്കാം.  ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷമാകും ഒക്ടോബര്‍ മാസത്തില്‍  ജില്ലയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുക. ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിയാകും വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുക. ജില്ലയിലെ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസിനെ കമ്മീഷന്‍ ചുമതലപ്പെടുത്തി.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തലത്തില്‍ ആലോചിച്ച് പദ്ധതികള്‍ വയ്ക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ അംഗം സി.ജെ ആന്റണിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യുണിറ്റ്(എസ് ജെ പി യു) നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി സുധാകരന്‍ പിള്ള,  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ്, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡേവിഡ് റെജി മാത്യു,   ചൈല്‍ഡ് വെല്‍വെല്‍ഫര്‍ കമ്മിറ്റി അംഗങ്ങള്‍, ജെ.ജെ.ബി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.