വയനാട് ജില്ലയുടെ വികസനങ്ങൾക്ക് വേഗതയും കരുത്തും നല്കി സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻ. പൊതുവിദ്യാലയ സംരംക്ഷണം യഞ്ജം, ലൈഫ്, ആർദ്രം, ഹരിതകേരളം തുടങ്ങിയ പദ്ധതികളിലൂടെ ജില്ലയുടെ വികസനങ്ങൾക്കും കരുത്താകുകയാണ് നവകേരള മിഷൻ. പൊതുവിദ്യാഭ്യാസ മേഖലയിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ലക്ഷ്യവെച്ച 1355 ക്ലാസുമുറികളും ഹൈടെക്കാക്കി. അദ്ധ്യാപകർക്ക് പരിശീലനം നല്കുകയും ചെയ്തു. പഠന നിലവാരം ഉയർത്തുന്നതിനായി ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ അക്കാഡമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. അഞ്ചുകോടി ചിലവിൽ മികവിന്റെ കേന്ദ്രങ്ങളാവുന്ന കൽപ്പറ്റ ജിവിഎച്ച്എസ്എസ്, മാനന്തവാടി ജിവിഎച്ച്എസ്എസ്, മീനങ്ങാടി ജിഎച്ച്എസ്എസ് എന്നി സ്‌കൂളുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. മീനങ്ങാടി ജിഎച്ച്എസ്എസ് കെട്ടിടം ഈ മാസം (സെപ്തംബർ) അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. അവശേഷിക്കുന്ന കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തി ത്വരിതപ്പെടുത്താൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നല്കിയിട്ടുണ്ട്. അതാത് സ്‌കൂളുകളിലെത്തി അവലോകന യോഗം ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത 13 സ്‌കൂളുകളിൽ മൂന്നുകോടിയുടെ അടിസ്ഥാന വികസന പദ്ധതികളും യാഥാർത്ഥ്യമാക്കും. ഇതു പൂർത്തിയാകുന്ന മുറയ്ക്കു 30 സ്‌കൂളുകളിൽ ഒരു കോടിയുടെ പദ്ധതികളും പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചുവർഷത്തിനുള്ളിൽ ജില്ലയിൽ നടപ്പാക്കും.

ആരോഗ്യ മേഖലയിൽ ആർദ്രം മിഷന്റെ ഭാഗമായി രണ്ടാംഘട്ടത്തിൽ 15 പ്രൈമറി ഹെൽത്ത് സെന്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ഇതിൽ കൂടുതൽ അറ്റകുറ്റ ജോലികൾ ആവശ്യമായ അഞ്ചു പിഎച്ച്‌സി ഒഴികെയുളള 10 കേന്ദ്രങ്ങളിൽ 20 ലക്ഷം രൂപയുടെ ഒ.പി. മോഡിഫിക്കേഷൻ പ്രവൃത്തികൾ ജില്ലാ നിർമിതി കേന്ദ്രയുടെ നേതൃത്വത്തിൽ ഈ മാസത്തോടെ പൂർത്തിയാവും. സർക്കാർ ആശുപത്രികളുടെ മുഖച്ഛായ മാറ്റി സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. വയനാടിനെ സമ്പൂർണ്ണ ഡിജിറ്റലൈസിഡ് ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇ-ഹെൽത്ത് സംവിധാനവും യാഥാർത്ഥ്യമാക്കും. നിലവിൽ 80 ശതമാനം വിവരശേഖരണവും പൂർത്തിയായിട്ടുണ്ട്. ഇ-ഹെൽത്ത് യാഥാർത്ഥ്യമാകുന്നതോടെ ചികിത്സാ രംഗത്ത് ജില്ലയിൽ കാതലായ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി മാത്രം ഒരു കോടിയുടെ വിവിധ പ്രവർത്തികളും പുരോഗമിക്കുകയാണ്.

ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുത്ത 8793 ഗുണഭോക്താക്കളിൽ 8113 പേർക്കു വീടു കൈമാറി. ഇനി അവശേഷിക്കുന്നത് 680 വീടുകൾ മാത്രം. രണ്ടാഘട്ടത്തിൽ 3852 ഗുണഭോക്താക്കളാണ് ലൈഫ് മിഷനിലുൾപ്പെട്ടിട്ടുള്ളത്. ഇതിൽ 1110 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. അർഹരായ എല്ലാവർക്കും വീടു ലഭ്യമാക്കി പദ്ധതി നൂറു ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. ജനറൽ വിഭാഗത്തിന് നാലു ലക്ഷവും പട്ടികവർഗ വിഭാഗത്തിന് ആറു ലക്ഷം രൂപയുമാണ് വിഹിതം. ഫെബ്രുവരിയോടെ രണ്ടാംഘട്ടം പൂർത്തിയാക്കും. ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഭവന സമുച്ചയങ്ങൾ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നല്കിയിട്ടുണ്ട്. നിലവിൽ പൂതാടി ഗ്രാമപഞ്ചായത്ത് 50 സെന്റ് സ്ഥലം പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ലൈഫിന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തവരും എന്നാൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരുമായ വീടില്ലാത്ത കുടുംബങ്ങൾക്ക് വീടൊരുക്കാൻ സന്നദ്ധപ്രവർത്തകരുടെ കൂടി സഹായം ലഭ്യമാക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.

കാർഷിക മേഖലയിൽ 60 ഏക്കർ തരിശുനിലത്ത് കൃഷിയിറക്കിയിട്ടുണ്ട്. 40 ഏക്കർ തരിശു നിലത്തു കൂടി കൃഷി വ്യാപിപ്പിക്കും. പദ്ധതിക്കായി സർക്കാർ സബ്‌സിഡിയും നല്കുന്നുണ്ട്. നെല്ല് കൃഷിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ പരിശീലനം ലഭിച്ച കർമ്മ സമിതികളും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിൽ 21 ഇടത്ത് മെറ്റിരീയൽ കളക്ഷൻ സെന്റർ (എംസിഎഫ്) സംവിധാനവും 22 ഇടങ്ങളിൽ ഹരിത കർമ്മസേനയും പ്രവർത്തന സജ്ജമാണ്. അവശേഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എംസിഎഫുകളിൽ നിന്നും വേർതിരിച്ചെടുത്ത മാലിന്യങ്ങൾ ശേഖരിക്കാൻ ക്ലീൻ കേരള കമ്പനിക്കായി പ്രത്യേക ഇടമൊരുക്കാൻ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നവകേരള മിഷന്റെ ജില്ലാതല അവലോകനം ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ നേതൃത്വത്തിൽ ചേമ്പറിൽ ചേർന്നു. യോഗത്തിൽ വിവിധ മിഷൻ കോർഡിനേറ്റർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.