തിരുവോണ സന്ധ്യ ആഘോഷമാക്കാൻ കനകക്കുന്നിലേക്ക് ജനപ്രവാഹം. രാവിലെ മുതൽ ഇടയ്ക്കിടെ പെയ്ത മഴ വൈകുന്നേരം മാറിനിന്നതോടെ ഓണാഘോഷക്കാഴ്ച കാണാൻ കൂട്ടമായും കുടുംബമായും ആളുകൾ നഗരത്തിലേക്ക് ഒഴുകിയെത്തി. ടൂറിസം വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലൊരുക്കിയ 29 വേദികളും ആസ്വാദകരെക്കൊണ്ട് സമ്പന്നമായതോടെ അനന്തപുരി അക്ഷരാർഥത്തിൽ ഉത്സവമേളത്തിന്റെ ഓണപ്പുടവയുടുത്തു.

നഗര നിരത്തുകളിൽ പൊൻനിറച്ചാർത്തൊരുക്കിയ വൈദ്യുതി ദീപാലങ്കാരങ്ങളും കനകക്കുന്ന് കേന്ദ്രീകരിച്ചു നടന്ന മേള-വാദ്യഘോഷങ്ങളും മതിവരുവോളം ആസ്വദിക്കാനുറപ്പിച്ചായിരുന്നു ജനപ്രവാഹം. സർക്കാർ ഒരുക്കുന്ന ഓണക്കാഴ്ച കാണാൻ നാടൊന്നാകെ നഗരത്തിലേക്കെത്തുന്ന പതിവിന് ഇക്കൊല്ലവും കോട്ടമുണ്ടായിട്ടില്ലെന്നതാണ് ഈ ഉത്രാടം, തിരുവോണം നാളുകളിൽ അനന്തപുരി കണ്ടത്. കാഴ്ചകാണാനെത്തുന്നവർക്ക് കലാവിരുന്നിന്റെ ഓണസദ്യ വിളമ്പാൻ ടൂറിസം വകുപ്പ് ഒരുക്കിയ വേദികളിലെല്ലാം ഇന്നലെ വൈകുന്നേരം മുതൽ നല്ല ജനത്തിരക്കായിരുന്നു.

പ്രധാനവേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ജാസി ഗിഫ്റ്റ്, ലക്ഷ്മി നായർ, സൗമ്യ, അമൃത ജയകുമാർ എന്നിവർ അവതരിപ്പിച്ച ഗാനമേളയും ഡി ഫോർ ഡാൻസ് ടീം അവതരിപ്പിച്ച നൃത്തവും കാണാൻ നിരവധിപേരെത്തി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരുവോണ നിലാവ് മെഗാഷോയ്ക്കും പൂജപ്പുര മൈതാനത്ത് കെ.ജി. മർക്കോസും സംഘവും അവതരിപ്പിച്ച ഗാനമേളയ്ക്കും ജനത്തിരക്കേറെ. സാംസ്‌കാരികപ്പെരുമ വിളിച്ചോതി കനകക്കുന്നിലെ വിവിധ വേദികളിലായി നടന്ന അഷ്ടപദി, വിൽപ്പാട്ട്, കാക്കാരിശി നാടകം, ചാറ്റുപാട്ട്, മുടിയേറ്റ്, വേലകളി, നാദസ്വരം എന്നിവയ്ക്കും ആസ്വാദകർ ഏറെയുണ്ടായിരുന്നു.


തീർഥപാദ മണ്ഡപത്തിൽ അരങ്ങേറിയ കീചകവധം കഥകളി, ഗാന്ധി പാർക്കിൽ നടന്ന കഥാപ്രസംഗം, കനകക്കുന്നിന്റെ പ്രധാന കവാടത്തിൽ അവതരിപ്പിച്ച തായമ്പക, ചെണ്ടമേളം, മ്യൂസിയം വളപ്പിലെ കളരിപ്പയറ്റ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ അരങ്ങേറിയ മോഹിനിയാട്ടം, കേരള നടനം, ഭരതനാട്യകച്ചേരി, തൈക്കാട് ഭാരത് ഭവനിൽ നടന്ന ശാസ്ത്രീയ നൃത്തം എന്നിവയ്ക്കും പ്രേക്ഷകർ ഏറെയുായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലൊരുക്കിയ മറ്റു വേദികളിലേക്കും വൈകുന്നേരം മുതൽ നിരവധി ആളുകളെത്തി. നഗരത്തിലേതിനു സമാനമായി പ്രാദേശികമായും ഉത്സവവേദികളൊരുക്കിയത് ജില്ലയെ മുഴുവനോടെ ഉത്സവത്തിമിർപ്പിലാക്കി.

അവിട്ടം ദിനമായ 12 സെപ്റ്റംബർ നിരവധി ആളുകളെയാണ് ഓണാഘോഷ വേദികൾ കാത്തിരിക്കുന്നത്. കണ്ണിനും കാതിനും മനസിനും ഇമ്പമേകുന്ന നിരവധി പരിപാടികളാണ് ഇന്ന് 29 വേദികളിലായി അരങ്ങേറാനിരിക്കുന്നത്.