ആറന്മുള ഉതൃട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണവും വാഹനപാര്‍ക്കിംഗിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കി ജില്ലാ പോലീസ്. വള്ളംകളി കാണാന്‍ എത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരുവിധ ബുദ്ധിമുട്ടുകളോ തടസങ്ങളോ ഉണ്ടാകാതിരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ക്ക് എല്ലാവരുടേയും പൂര്‍ണസഹകരണം  ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് അഭ്യര്‍ഥിച്ചു.
ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ക്ക് ആറാട്ടുപുഴ മുതല്‍ പഴയ കെടിഡിസി ഹോട്ടല്‍ വരെയുള്ള റോഡിന്റെ വടക്കുവശം പാര്‍ക്കിംഗ് അനുവദിച്ചു. പഴയ കെടിഡിസി ഹോട്ടല്‍ മുതല്‍ സത്രം മുക്ക്, ക്ഷേത്രത്തിന്റെ ഭാഗം, ഐക്കര മുക്ക്, തെക്കേമല ഭാഗങ്ങളിലും തറയില്‍ മുക്ക് മുതല്‍ ക്ഷേത്രം വരെയുള്ള റോഡിലും വഞ്ചിത്ര- പാറപ്പുഴ റോഡുകളിലും ഇരു വശങ്ങളിലും പാര്‍ക്കിംഗ് നിരോധിച്ചു.
ചെങ്ങന്നൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ പഴയ കെടിഡിസി ഹോട്ടല്‍ പരിസരത്തും, ആഞ്ഞിലിമൂട്ടില്‍ പാലത്തിന്റെ കിഴക്കുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. പന്തളം ഭാഗത്തു നിന്നു വരുന്നവര്‍ അയ്യന്‍കോയിക്കല്‍ ജംഗ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് എന്‍ജിനിയറിംഗ് കോളജ് ഗ്രൗണ്ടിലും സുദര്‍ശന സ്‌കൂള്‍ ഗ്രൗണ്ടിലും ഐക്കര ജംഗ്ഷനില്‍ നിന്നും തറയില്‍ മുക്ക് ഭാഗത്തേക്ക് വരുന്ന വഴിക്ക് വടക്കുവശത്തുള്ള പെട്രോള്‍ പമ്പിന് സമീപവും പഴയ പോലീസ് സ്റ്റേഷന്‍ പരിസരത്തും പാര്‍ക്ക് ചെയ്യണം.
തറയില്‍ മുക്ക് ജംഗ്ഷനില്‍ നിന്നും ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ അള്‍ടെക് കംപ്യൂട്ടേഴ്‌സിന് എതിര്‍വശത്തായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. തെക്കേമല- കോഴഞ്ചേരി റോഡില്‍ പഴയ പോലീസ് സര്‍ക്കിള്‍ ഓഫീസ് ഗ്രൗണ്ടിലും പാറപ്പുഴ കടവ്, വടക്കേ സത്രക്കടവ് റോഡിന്റെ വശങ്ങളിലുള്ള സ്വകാര്യ വസ്തുവിലും പാര്‍ക്കിംഗിന് ക്രമീകരണം ഏര്‍പ്പെടുത്തി.
ഔദ്യോഗിക വാഹനങ്ങള്‍ ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പൊതുജനങ്ങള്‍ക്ക് മുന്‍പു പറഞ്ഞ സ്ഥലങ്ങള്‍ക്കു പുറമേ പുന്നംതോട്ടം ക്ഷേത്ര ഗ്രൗണ്ടിലും പരമൂട്ടില്‍ പടി ജംഗ്ഷനിലെ പ്രയര്‍ഹാള്‍ പരിസരത്തും ആറന്മുള എന്‍ജിനീയറിംഗ് കോളജിനു സമീപമുള്ള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്‌കൂള്‍ മൈതാനം, നാല്‍ക്കാലിക്കല്‍ എസ്‌വിജി എച്ച്എസ്എസ് ഗ്രൗണ്ട്, മിനി സിവില്‍ സ്റ്റേഷന്‍ പരിസരം, വഞ്ചിത്ര മര്‍ത്തോമാ സ്‌കൂള്‍ ഗ്രൗണ്ട്, കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂള്‍ മൈതാനം എന്നിവിടങ്ങളിലും വാഹന പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി.
തിരക്കു വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സൗകര്യപ്രദമായ വിധത്തില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്നും  പൊതുജനങ്ങളുടെ പൂര്‍ണസഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.