വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ  ടീച്ചര്‍ പറഞ്ഞു. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 13.70 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് നില കെട്ടിടത്തിന്റെ നിര്‍മ്മാണം എട്ട് മാസത്തിനുള്ളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പൂര്‍ത്തീകരിക്കും.
പ്രസവ ശുശ്രൂഷാകേന്ദ്രത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന പദ്ധതിയായ് ലക്ഷ്യ നിര്‍ദേശിക്കുന്ന പ്രകാരമുള്ള നിലവാരത്തിലുള്ള  ഗൈനക് വാര്‍ഡുകള്‍ വടകര ജില്ലാ ആശുപത്രിയില്‍ ഏര്‍പ്പെടുത്തും. ഒപ്പം ട്രോമാകെയര്‍ സംവിധാനം മെച്ചപ്പെടുത്തും. നിലവിലെ സ്ഥലപരിമിതിക്കുള്ളിലെ ബ്ലഡ് ബാങ്ക് ആധുനിക സൗകര്യങ്ങളോടെ കൂടുതല്‍ മെച്ചപ്പെടുത്തും.
ആശുപത്രി 210  ബെഡ് സൗകര്യത്തില്‍ നിന്നും 250 ആക്കി മാറ്റും. വടകര ജില്ലാ ആശുപത്രിയില്‍ വിസിറ്റിംഗ് നെഫ്രോളജിസ്റ്റിനെ ലഭ്യമാക്കാന്‍ നടപടിയെടുക്കും. ,ആരോഗ്യ മേഖലയില്‍ പുതിയ തസ്തിക സൃഷ്ടിക്കുമ്പോള്‍ വടകര ജില്ലാ ആശുപത്രിക്ക് പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. 1961 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ആരോഗ്യ മേഖല ഇപ്പോഴും മുന്നോട്ടു പോകുന്നത് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഈ വര്‍ഷം 504 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമം നടത്തുകയാണ്. നിലവില്‍ 200 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാനായി 1000 പുതിയ തസ്തിക സൃഷ്ടിക്കാന്‍ ധനകാര്യ വകുപ്പ് സഹായം നല്‍കിയിട്ടുണ്ട്. 5200 പുതിയ തസ്തികകളാണ് ആരോഗ്യമേഖലയില്‍ നടപ്പാക്കിയത്.   പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കിയത് ലോക ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഡയാലിസിസ് തുടങ്ങില്ല. അത് സങ്കീര്‍ണമായ അവസ്ഥയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ നമുക്ക് കഴിയണം. ആശുപത്രികള്‍ രോഗീ സൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു.  ആരോഗ്യമേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെയും ആശാ വര്‍ക്കര്‍മാരുടെയും സേവനം സ്തുത്യര്‍മാണെന്നും മന്ത്രി പറഞ്ഞു. കല്ലുനിര അര്‍ബന്‍ പി എച്ച് സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നടത്തി
ചടങ്ങില്‍ സി. കെ .നാണു എം എല്‍ എ അധ്യക്ഷനായിരുന്നു. പിഡബ്ലുഡി എക്സി .എഞ്ചിനീയര്‍ ലേഖയും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ .അലി കെ .വി യും റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ ടി ശ്രീധരന്‍,   ടി .കെ രാജന്‍ മാസ്റ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രി,    വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു