സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ എം.ഐ. ഷാനവാസ് എം.പി. നിര്‍ഹിച്ചു. സംസ്ഥാന സാമ്പത്തീക വ്യവസ്ഥയുടെ നട്ടെല്ലാണ് ലോട്ടറി തൊഴിലാളികളെന്നും അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍ വേണ്ടെന്ന തീരുമാനം തുടരണമെന്നും  അദ്ദേഹം പറഞ്ഞു.  കഴുകന്‍ കണ്ണുകളുമായി കേരളലോട്ടറിയെ അട്ടിമറിക്കാന്‍ വമ്പന്‍ സ്രാവുകള്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ ഇരിക്കണം. ചെറുകിട വില്‍പ്പനകാരുടെ കൈവശം മിച്ചം വരുന്ന ലോട്ടറികള്‍  നറുക്കെടുപ്പിന്റെ ഒരു ദിവസം മുമ്പേ തിരിച്ചെടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.  ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ക്ഷേമനിധി അംഗങ്ങള്‍ക്കുളള യൂണിഫോം  സി.കെ. ശശിന്ദ്രന്‍ എം.എല്‍.എ വിതരണം ചെയ്തു.  എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം  കൈവരിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ഒ.ആര്‍. കേളു. എം.എല്‍.എ. വിതരണം ചെയ്തു. ബിരുദം, ബിരുദാനന്തര വിദ്യാര്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്  ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ വിതരണം ചെയ്തു.  മുതിര്‍ന്ന ലോട്ടറി ഏജന്റുമാരെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി ഉപഹാരം നല്കി ആദരിച്ചു.  സംസ്ഥാന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന് ആര്‍. ജയപ്രകാശ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍  എസ്.ഷാനവാസ്, ബത്തേരി നഗരസഭാ ഉപാധ്യക്ഷ ജിഷാ ഷാജി, സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, രാധാ രവീന്ദ്രന്‍, ടി.എസ്. സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  കെ. ശോഭന്‍ കുമാര്‍, രുക്മിണി സുബ്രഹ്മണ്യന്‍, സംസ്ഥാന ഭാഗ്യക്കുറി ജോ. ഡയറക്ടര്‍ ടി. സുരേഷ് കുമാരി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുമ്പായി ബത്തേരി അസംപഷന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില് നൂറുകണക്കിനാളുകള്‍ അണി ചേര്‍ന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മാതൃഭൂമി ന്യൂസ് ചാനലും, കപ്പ ടീവിയും ചേര്‍ന്ന് സംഘടിപ്പിച്ച  ചലചിത്ര പിന്നണി ഗായകന്‍ ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച സംഗീത നിശയും കലാസാംസ്‌കാരിക പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.