ന്യൂഡൽഹി : റെയിൽവേ വികസനം സംബന്ധിച്ചു ശബരി പാത ഉൾപ്പെടെ വിവിധ പദ്ധതികൾ ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി ജി. സുധാകരന് ഉറപ്പു നൽകി. റെയിൽവേ വികസനത്തിൽ രാജ്യവ്യാപകമായി 50ഃ50 എന്ന കേന്ദ്ര – സംസ്ഥാന പങ്കാളിത്ത നയത്തിന്റെ അടിസ്ഥാനത്തിലുള്ള വികസനമാണു കേന്ദ്രം ലക്ഷ്യമിടുന്നത്. എറണാകുളം – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് പൂർത്തിയാക്കും. കൊച്ചുവേളി റെയിൽവേ ടെർമിനൽ നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ശബരി പാത സമയബന്ധിതമായി നടപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനു കേന്ദ്ര മന്ത്രി പൂർണ പിന്തുണ അറിയിച്ചു. 20 വർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളത്തെ ഓൾഡ് റെയിൽവേ ടെർമിനൽ നവീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ മന്ത്രി ജി. സുധാകരന് ഉറപ്പു നൽകി. പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ.ആർ. ജ്യോതിലാൽ, കമലവർധന റാവു എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.