വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സഹകരണ – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ വകുപ്പുകളും സ്വസ്തി ഫൗണ്ടേഷനും സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേവി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാവിക സേനയും പിന്തുണയുമായി രംഗത്തുണ്ട്. ജലാശയങ്ങളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു. വെള്ളായണി കായലിന്റെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും മുഖ്യമന്ത്രിയും എല്ലാ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

പുനരുജ്ജീവിപ്പിക്കുന്ന വെള്ളായണി കായൽമേഖല പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ഉത്തരവാദിത്ത ടൂറിസം സൗഹൃദ മേഖലയാക്കി മാറ്റാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. ശുചീകരണത്തിന്റെ ഭാഗമായി കായൽ ആഴം കൂട്ടൽ ഉൾപ്പെടെയുള്ള കർമപദ്ധതിക്ക് രൂപം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ആഴം കൂട്ടലും തുടർ സംരക്ഷണവും ഉൾപ്പെടെയുള്ള വിശദമായ പദ്ധതി ബാർട്ടൻ ഹിൽ എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ തയാറാക്കി കിഫ്ബിക്ക് സമർപ്പിക്കാൻ ഇറിഗേഷൻ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. കായലിന്റെ സംരക്ഷണത്തിനായി 60 വീതം കുടുംബങ്ങളെ ഉൾപ്പെടുത്തി ജനജാഗ്രതാ സമിതികൾ രൂപീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ശുചീകരിച്ചാലും മാലിന്യം തള്ളാനുള്ള ശ്രമങ്ങൾ ഉണ്ടായാൽ തടയാനും അവബോധം നൽകാനും ഇതിലൂടെ കഴിയും. ഇത്തരം പദ്ധതികളുടെ വിജയത്തിന് നാട്ടുകാരുടെ സഹകരണവും ഇടപെടലും ജാഗ്രതയും അനിവാര്യമാണ്.

കഴിഞ്ഞ മേയ് മുതൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിലൂടെ 40 ഏക്കറോളം വിസ്തൃതിയിൽ കായലിലെ കളകൾ മാറ്റാനും മാലിന്യം നീക്കാനുമായിട്ടുണ്ട്. ഇനിയും കൂടുതൽ ശ്രമകരമായ പ്രവർത്തനം ആവശ്യമാണ്. ജലാശയങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല എന്ന തിരിച്ചറിവോടെ ജനകീയ പിന്തുണയുമായി രംഗത്തിറങ്ങിയ സ്വസ്തി ഫൗണ്ടേഷന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. കായൽ വീണ്ടെടുപ്പിൽ എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് എത്തിയ നേവിയുടെ പങ്കാളിത്തവും ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നേവി കമാന്റിംഗ് ഓഫീസർ കമഡോർ ജി. പ്രകാശ് എൻ.എം മുഖ്യാതിഥിയായിരുന്നു. കായൽ സംരക്ഷണ പ്രവർത്തനങ്ങളിൽ നേവിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഹൈഡ്രോഗ്രാഫി സർവേ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാലത്തോളം സഹകരണം നൽകുമെന്നും പറഞ്ഞു. ചടങ്ങിൽ എം.വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

സ്വസ്തി ഫൗണ്ടേഷൻ ഭാരവാഹി മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, മുൻ പ്രധാനമന്ത്രിയുടെ അഡൈ്വസർ ടി.കെ.എ നായർ, സംവിധായകൻ മധുപാൽ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, മറ്റ് സാംസ്‌കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. റിവൈവ് വെള്ളായണി ജനറൽ കൺവീനർ വി.ശിവൻകുട്ടി സ്വാഗതവും ഇന്ത്യൻ നേവി ക്യാപ്റ്റൻ സനൂജ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങുകളോടനുബന്ധിച്ച് വിവിധ സ്‌കൂളുകളിലെ കുട്ടികൾ, എൻ.എസ്.എസ്, എൻ.സി.സി വിഭാഗങ്ങളുടെ ഘോഷയാത്ര, നീന്തൽ താരങ്ങളുടെ പ്രകടനം, നേവിയുടെ കയാക്കിംഗ്, കനോയിംഗ്, ഫയർ ആൻറ് റസ്‌ക്യൂവിന്റെ വാട്ടർ റെസ്‌ക്യൂ ഡെമോ, കുട്ടികളുടെ കരാട്ടെ ഡെമോ എന്നിവ അവതരിപ്പിച്ചു.

ആദ്യഘട്ട ശുചീകരണത്തിൽ കായലിലെ വവ്വാമൂല മേഖലയിൽ നിന്ന്  6451 ലോഡ് മാലിന്യങ്ങളാണ് നീക്കിയത്. സ്വസ്തി ഫൗണ്ടേഷൻ, ജനകീയ പങ്കാളിത്തത്തോടെ റിവൈവ് വെള്ളായണി, സർക്കാർ വകുപ്പുകൾ, പ്രദേശത്തെ  തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂളുകൾ, വിവിധ എൻ.ജി.ഒകൾ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളിയായി. വീഡ് ഹാർവെസ്റ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായ ഇൻലാൻഡ് നാവിഗേഷൻ വിഭാഗവും രംഗത്തുണ്ടാകും.