ഭാവിയില്‍ നാടിന് ഗുണകരമാകുമെന്ന തിരിച്ചറിവോടെ റോഡ് വികസന പ്രവൃത്തികളില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്ര ചാലിക്കര പുളിയോട്ട് മുക്ക് – അവറാട്ട് മുക്ക് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനത്തിന് വേണ്ടി ആരുടെയും ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നയമല്ല. സ്ഥലം വിട്ടു കൊടുക്കാന്‍ സ്വമേധയാ ജനങ്ങള്‍ മുന്നോട്ട് വരികയാണെങ്കില്‍ മാത്രമേ റോഡ് വീതി കൂട്ടുന്ന കാര്യം ആലോചിക്കൂ. രണ്ട് ഘട്ടങ്ങളിലായാണ് ടാറിംഗ് നടത്തുന്നത്. അതുകൊണ്ട് തന്നെ റോഡ് വീതി കൂട്ടണം എന്ന് ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇപ്പോള്‍ സാധിക്കും. അടിസ്ഥാന സൗകര്യങ്ങളില്‍ പെട്ടതാണ് റോഡ് നിര്‍മാണം. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പ്രളയത്തിന്റെ ഭാഗമായി തകര്‍ന്നു പോയ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കികഴിഞ്ഞതായും മന്ത്രി പറഞ്ഞു. മൂരാട് സ്‌കൂള്‍ വരെയുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. എട്ട് മാസമാണ് ടെണ്ടര്‍ അനുസരിച്ചുളള കാലാവധി. എന്നാല്‍ നാല് മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നാണ് കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ ബാലന്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എം മനോജ് എന്നിവര്‍ സംസാരിച്ചു.