കാസർഗോഡ്: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യദിനം (മാര്‍ച്ച് 24) പാലക്കാട് ജില്ലയില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും മങ്കര, ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനുകളിലായി ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മൊസൈക്ക് സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിച്ച മായന്നൂര്‍ സ്വദേശി, 20 തൊഴിലാളികളെ നിയോഗിച്ച് വള്ളുവനാടില്‍ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിച്ചതിന് യൂണിറ്റ് മാനേജര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കേസെടുത്തത്.

ഹോം ക്വറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത 22 കാരനായ മാങ്കുറുശ്ശി സ്വദേശിക്കെതിരേ മങ്കരയിലും ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആരാധനാലയത്തില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ചുപേര്‍ക്കെതിരെയും കണ്ടാലറിയുന്ന 20 പേര്‍ക്കെതിരേയുമാണ് ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തത്. ഇതില്‍ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.