പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരെയുളള പ്രചരണങ്ങള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തവയാണെന്ന് പിആര്‍ഡി ആരോഗ്യ സെമിനാര്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചത്. വാക്‌സിനേഷന്‍ ഓട്ടിസത്തിന് കാരണമാകുന്നു എന്ന ആരോപണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. സാക്ഷരതയില്‍ മുന്നിട്ടു നിന്നിട്ടും എംആര്‍ വാക്‌സിനേഷന്‍ കേരളത്തില്‍ 88 ശതമാനം മാത്രമാണെന്നത് ചര്‍ച്ചാവിഷയമാകേണ്ടതാണ.് ലോകത്തിലുളള എല്ലാ വാക്‌സിനുകളും എല്ലാവരും എടുക്കണമെന്നില്ല. ദേശീയ രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായിട്ടുളള വാക്‌സിനുകള്‍ എല്ലാവരും എടുക്കണമെന്ന് മാത്രമാണ് നിര്‍ദ്ദേശിക്കുന്നത്. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ ആ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുളള വാക്‌സിനേഷനുകള്‍ നമ്മള്‍ ഒഴിവാക്കാറില്ല. വാക്‌സിന് അനുകൂലമായി സംസാരിക്കുന്നവരെല്ലാം മരുന്നു കമ്പനിയുടെ ആളുകളാണെന്ന് ചാപ്പ കുത്തപ്പെടുന്നത് ആരോഗ്യകരമല്ല. കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ. പി.എസ് ജിനേഷ് സെമിനാര്‍ നയിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധാമണി, വൈസ് ചെയര്‍പേഴ്‌സണ്‍ ഓമന ആനന്ദ് എന്നിവര്‍ സംസാരിച്ചു. വിവിധ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. മൂന്നു ദിവസമായി നടന്നു വരുന്ന സെമിനര്‍ പുതുപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി മണ്ഡലങ്ങളില്‍ പൂര്‍ത്തിയായി.