സംസ്ഥാന സർക്കാർ വലിയ പദ്ധതികളാണ് കുടുംബശ്രീ പ്രവർത്തങ്ങനൾക്കായി നീക്കി വച്ചിരിക്കുന്നതെന്നും പദ്ധതി നടത്തിപ്പിൽ കുടുംബശ്രീ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്നും ജോയ്‌സ് ജോർജ്ജ്. എംപി. പറഞ്ഞു. ചെറുതോണി പോലീസ് അസ്സോസ്സിയേഷൻ ഹാളിൽ സിഡിഎസ് ചെയർപേഴ്‌സൺമാർക്കായി കുടുംബശ്രീ ജില്ലാമിഷൻ സംഘടിപ്പിച്ച ആസൂത്രണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനക്ഷേമകരമായ നിരവധി പദ്ധതികൾ കുടുംബശ്രീ വഴിയാണ് നടപ്പാക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാത്തത് പദ്ധതി നടത്തിപ്പിന്റെ പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് ഒപ്പം എന്നും ഇതുവഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതി ആവിഷ്‌കരണവും നടത്തിപ്പും സംബന്ധിച്ച് ചർച്ച ചെയ്തു. കിലാ ഫാക്കൽറ്റി ഷാഹുൽ ഹമീദ്, ഓഡിറ്റ് സൂപ്പർവൈസർ വിനയൻ, ഡ്രീംസ് ട്രെയിനിംഗ് ടീം ഫാക്കൽറ്റി ഡാലിയാ തുടങ്ങിയവർ ക്ലാസെടുത്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബിനു ആർ സ്വാഗതവും വെന്റിഷ് ജോയി നന്ദിയും പറഞ്ഞ പരിപാടിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അജേഷ് റ്റി.ജി അദ്ധ്യക്ഷതയും വഹിച്ചു. ഷാജിമോൻ പി.എ, ജില്ലാ പ്രോഗ്രാം മാനേജർ ബിബിൻ കെ.വി, ബ്ലോക്ക് കോ-ഓർഡിനേറ്റർ ജിജോ ജോസ്, ചിത്ര ജയൻ, ലിസ്സൺ കെ.ആർ തുടങ്ങിയവരും പങ്കെടുത്തു.