കൊച്ചി: ദർബാർ ഹാൾ മൈതാനത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വാരാന്ത്യ ചലച്ചിത്ര പ്രദർശനത്തിന് ഇന്ന് ഫെബ്രു 24ന് വൈകിട്ട് 06.30ന് തുടക്കം കുറിക്കും. മൈതാനത്തെ സ്റ്റേജിൽ സജ്ജമാക്കുന്ന സ്‌ക്രീനിലാണ് ചലച്ചിത്രങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കുക. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധിയാണ് ഉദ്ഘാടനചിത്രം. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, എറണാകുളം പബ്ലിക്ക് ലൈബ്രറി, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പ്രദർശനം. മൈതാനത്ത് സ്റ്റേജ് പരിപാടികൾ ഒഴിവുള്ള എല്ലാ ശനിയാഴ്ച്ചകളിലും പ്രദർശനമുണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. വാരാന്ത്യങ്ങളിൽ ദർബാർ ഹാൾ മൈതാനത്തേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കുന്നതോടൊപ്പം വിഖ്യാതമായ സിനിമകൾ കാണുന്നതിന് അവസരമൊരുക്കുകയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച പ്രചാരണ പ്രദർശനങ്ങളും ഇതിന്റെ ഭാഗമായി നടത്തുമെന്ന് കളക്ടർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഡി.ടി.പി.സി സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോൺ 9847332200.