കല്‍പ്പറ്റ മണ്ഡലത്തിലെ ജലവിതരണ പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനായി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ജലവിതരണ പദ്ധതികള്‍ ജല ജീവന്‍ മിഷനുമായി സംയോജിപ്പിച്ച് കൂടുതല്‍ വീടുകളിലേക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത യോഗം ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പ്രോജക്ട് ഡിവിഷന്‍ എക്‌സികൂട്ടീവ് എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ ജൂലായ് ഏഴിന് കളക്ട്രേറ്റില്‍ യോഗം ചേരും.

നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരുന്ന പ്രധാന പദ്ധതികളിലൊന്നായ ബാണാസുര സാഗര്‍ ജലവിതരണ പദ്ധതിയിലൂടെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളില്‍ ജലവിതരണം ഉറപ്പ് വരുത്താന്‍ സാധിക്കും. മൂപ്പൈനാട്, മേപ്പാടി, വൈത്തിരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്നതും മുട്ടില്‍, മീനങ്ങാടി പഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്നതിനായി നിര്‍മ്മാണം ആരംഭിച്ചതുമാണ് മറ്റ് പ്രധാന പദ്ധതികള്‍. പദ്ധതികള്‍ സംയോജിപ്പിക്കുന്നതിലൂടെ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും ജല വിതരണം ഉറപ്പ് വരുത്താന്‍ സാധിക്കും.