ആലപ്പുഴ : ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപത്തിയഞ്ചോളം കുളങ്ങൾ പൂർത്തിയാക്കി ചുനക്കര ഗ്രാമ പഞ്ചായത്ത്‌. വേനലിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരം, മഴയിലൂടെ ലഭിക്കുന്ന വെള്ളം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം കൊടുത്തത്.

പുതിയ കുളങ്ങൾക്കൊപ്പം തന്നെ നാശോന്മുഖമായ കുളങ്ങളും പദ്ധതി വഴി പുനരുദ്ധാരണം ചെയ്തു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴി രണ്ടര വർഷം കൊണ്ടാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുളങ്ങൾ പൂർത്തിയാക്കിയത്.

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി ഒരുലക്ഷത്തിതൊണ്ണൂറ്റിഅയ്യായിരം രൂപ ചെലവിട്ടാണ് ഓരോ കുളങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കിയത്. അൻപതോളം തൊഴിലാളികൾ അഞ്ഞൂറ് തൊഴിൽ ദിനങ്ങൾ കൊണ്ടാണ് പഞ്ചായത്തിൽ വിവിധ വാർഡുകളിലായി 25 കുളങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്.

കുളനിർമ്മാണത്തിനു ശേഷം തിട്ടകളിൽ മണ്ണ് കയ്യാല നിർമ്മിച്ച് കയർ ഭൂവസ്ത്രം വിരിച്ചിട്ടുമുണ്ട്. മണ്ണിടിച്ചിൽ തടയാനും ഭൂമിയിലേക്ക് പരമാവധി ജലം ആഴ്ന്നിറങ്ങുന്നതിനും ഇത് സഹായകമാകും.

പൂർത്തിയായ കുളങ്ങളിൽ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മത്സ്യ കൃഷി തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും ചുനക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുരേഷ് പുലരി പറഞ്ഞു.