മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഹാന്റെക്സിലെ തരിശുഭൂമിയിൽ സംയോജിത കൃഷിക്ക് തുടക്കമായി. വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ഫലവൃക്ഷത്തൈ നട്ട്  കൃഷിക്ക് തുടക്കം കുറിച്ചു. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയിൽ ഉല്പാദന മേഖല പോലും സ്തംഭിച്ച സാഹചര്യത്തിലാണ് സർക്കാർ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചതെന്നും വാങ്ങിക്കഴിക്കുന്ന ശീലം മാറ്റി ജൈവവളം ഉപയോഗിച്ചുള്ള കൃഷിരീതിയിലേക്ക് ഏവരും മാറണമെന്നും മന്ത്രി പറഞ്ഞു.

പച്ചക്കറി കൃഷിക്കു പുറമെ ഫലവൃക്ഷ കൃഷിയിലേക്കും പുഷ്പ കൃഷിയിലേക്കും കടക്കണം. ഇത്തരം പ്രവർത്തനങ്ങളിലേക്ക് ജീവനക്കാരെ കൊണ്ടു വരുന്നത് ലക്ഷ്യമിട്ടാണ് വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഏകദേശം 307 ഏക്കർ ഭൂമിയിൽ സംയോജിത കൃഷി ആരംഭിക്കുന്നത്. നട്ടു നനച്ച് പരിപാലിക്കുകയും വിളവെടുക്കുകയും കൂടാതെ വീണ്ടും ഉല്പാദിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാപനങ്ങളിൽ മത്രമല്ല വീടുകളിലും പച്ചക്കറി, പുഷ്പകൃഷികൾ ആരംഭിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഹാന്റെക്സിന്റെ 70 സെന്റോളം വരുന്ന തരിശുഭൂമിയിലാണ് സംയോജിത കൃഷി ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്തും ഹരിതകേരള മിഷനുമായി സംയോജിച്ചാണ് കൃഷി നടത്തുന്നത്. മേൽനോട്ടത്തിനായി ജീവനക്കാരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തിരുവവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഹാന്റെക്സ് പ്രസിഡന്റ് എൻ.രതീന്ദ്രൻ, ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽസ് ഡയറക്ടർ കെ.സുധീർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.