ക്വാറൻറ്റൈനിലുള്ളവരെ ശല്യപ്പെടുത്തിയാൽ കർശന നടപടി
കോവിഡ് പ്രതിരോധത്തിൽ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. നേരത്തേയുള്ളതിൽനിന്ന് വ്യത്യസ്തമായി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാന്നി താലൂക്കിലും ഗുരുതരമായ സാഹചര്യമാണുള്ളത്.
എല്ലാവരും ഒത്തൊരുമിച്ച് പോരാടുന്നതിന്റെ ഫലമായാണ്, ലോകത്തിനു തന്നെ മാതൃകയാകുംവിധം ഇതുവരെ മഹാമാരിയെ പിടിച്ചുനിർത്താൻ സാധിച്ചത്.
എന്നാൽ, ഈ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില വാർത്തകൾ വരുന്ന സാഹചര്യം ഒഴിവാക്കണം. ക്വാറൻറീനിൽ കഴിയുന്നവർക്ക് ദുരനുഭവങ്ങളുണ്ടാകരുത്.
അന്യദേശങ്ങളിൽ നിന്നും അനവധി കഷ്ടപ്പാടുകൾ താണ്ടി കേരളത്തിലെത്തിയ നമ്മുടെ സഹോദരങ്ങളിൽ ചിലർ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണത്. ക്വാറൻറൈനിൽ കഴിയുന്നവരുടെ വീട് ആക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് മാതൃകയിൽ അവരെ അകറ്റിനിർത്തുക തുടങ്ങിയ സംഭവങ്ങളുണ്ടാകരുത്.
ബംഗളൂരുവിൽനിന്ന് എത്തി 14 ദിവസം ക്വാറൻറൈൻ പൂർത്തിയാക്കിയ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളും കോട്ടയത്ത് വീട്ടിൽ കയറാനാകാതെ തെരുവിൽ എട്ടുമണിക്കൂറോളം കഴിയേണ്ടിവന്നു. ഒടുവിൽ അവർ കലക്ടറേറ്റിൽ അഭയം തേടി. സ്വന്തം വീട്ടുകാരും ഭർതൃവീട്ടുകാരും ഇവരെ സ്വീകരിക്കാൻ തയ്യാറായില്ല എന്നാണ് വാർത്ത. ഇത്തരം അനുഭവങ്ങൾ നമ്മെ എവിടെയാണ് എത്തിക്കുന്നത് എന്ന് ഓർക്കണം.
സാധാരണ നിലയ്ക്ക് ക്വാറൻറൈനിൽ കഴിഞ്ഞ് മറ്റ് അപകടങ്ങൾ ഇല്ല എന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിർത്തുകയാണ്. രോഗബാധിതരായവരെപ്പോലും അകറ്റിനിർത്തുകയല്ല വേണ്ടത്. അവരെ ശാരീരിക അകലം പാലിച്ചുകൊണ്ട് നല്ല രീതിയിൽ സംരക്ഷിക്കുന്ന നിലയാണ് വേണ്ടത്. ഒറ്റപ്പെട്ട ഇത്തരം മനോഭാവങ്ങൾ നമ്മുടെ സമൂഹത്തിന്റെ പൊതുവായ നിലയ്ക്ക് അപകീർത്തികരമാണ് എന്നത് അത്തരം ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്. അത്തരം ആളുകളെയും കുടുംബങ്ങളെയും ബോധ്യപ്പെടുത്താൻ സമൂഹം സ്‌നേഹബുദ്ധ്യാ ശ്രമിക്കേണ്ടതുണ്ട്.
വിദേശങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും നാട്ടിലെത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ നൽകുകയുമാണ് നാടിന്റെ ഉത്തരവാദിത്വം. അതിനു പകരം അവരെ വീട്ടിൽ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികൾ മനുഷ്യർക്കു ചേർന്നതല്ല. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ക്വാറൻറൈൻ നടപ്പിലാക്കിയാൽ രോഗം പകരാതെ തടയാം.
ക്വാറൻറൈനിൽ കഴിയുന്നത് അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെയാകെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. തൊഴിലുൾപ്പെടെ നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദം നേരിടുന്ന അവസ്ഥയിലാണ് പ്രവാസികളിൽ വലിയൊരു ശതമാനവും വരുന്നത്. അവർക്കാവശ്യമായ സൗകര്യങ്ങളും മാനസിക പിന്തുണയും നൽകാൻ നാമാകെ ബാധ്യസ്ഥരാണ്. ശാരീരിക അകലം പാലിക്കുക, രോഗവ്യാപനത്തിനുള്ള സാധ്യതകൾ ഒഴിവാക്കുക എന്നതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ക്വാറൻറൈനിൽ ഏർപ്പെടുന്നവരെ സഹായിക്കാനായി വാർഡ്തല കമ്മറ്റികളും ദിശ ആരോഗ്യ ഹെൽപ്പ്‌ലൈനും ഇ-സഞ്ജീവിനി ടെലിമെഡിസിൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് രോഗം ഭേദമായാൽ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിർത്തുന്ന ചില സംഭവങ്ങൾ ഉണ്ടായി. അതും തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അവർക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണ് വേണ്ടത്.
ഈ മഹാമാരിയെ തടുത്തുനിർത്താൻ നമ്മുടെ കയ്യിലുള്ള ഏറ്റവും മഹത്തായ ആയുധം മനുഷ്യത്വമാണ്. അപരനെക്കുറിച്ചുള്ള കരുതലും ദയയും ത്യാഗമനസ്ഥിതിയും ഉയർത്തിപ്പിടിച്ചാൽ മാത്രമേ നമുക്ക് ഇതിനെ, ഈ ഘട്ടത്തെ വിജയകരമായി കടന്നു മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. അതു മനസ്സിലാക്കാത്തവർ ഓർക്കേണ്ടത് നാളെ ഈ രോഗം ആർക്കും വരാം എന്നാണ്.
ക്വാറൻറൈനിൽ കഴിയുന്നവർ വിലക്ക് ലംഘിച്ച് പുറത്തുപോകാൻ പാടില്ല എന്നതുപോലെ തന്നെ അവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. അങ്ങനെയുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കും. അതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ഇത് ജനങ്ങളുടെയാകെ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. അത്യാവശ്യമല്ലാത്ത ഒരു യാത്രയും പാടില്ല. സെക്രട്ടറിയറ്റിൽ നിയന്ത്രണങ്ങൾ കർക്കശമാക്കും.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി സെൻറിനൽ സർവയ്‌ലൻസ് പ്രകാരം ആ പ്രദേശത്തെ 989 സാമ്പിളുകൾ പരിശോധിച്ചു.
എടപ്പാളിലെ രണ്ടു പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ അഞ്ചു പഞ്ചായത്തുകളിലെ 308 പേരുടെയും സാമ്പിളുകളാണ് എടുത്തത്. 505 പേരുടെ റിസൾട്ടാണ് ഇതുവരെ വന്നത്. അതിൽ 3 പേരുടെ ഫലം പോസിറ്റീവാണ്. നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗണുള്ള പ്രദേശമാണ് ഇവിടെ. ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടെങ്കിൽ മാത്രമേ നിലവിലെ സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാകുകയുള്ളൂ.
ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, തൊഴിൽ, ഫയർ ആൻറ് റെസ്‌ക്യു തുടങ്ങിയ വകുപ്പുകൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച് മുന്നിലുണ്ട്. ആരോഗ്യപ്രവർത്തകരും സന്നദ്ധസേനയും ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരും എന്നുവേണ്ട സമൂഹത്തിൻറെ എല്ലാ തലത്തിലുമുള്ള ആളുകൾ ഈ യജ്ഞത്തിൽ പങ്കാളികളാകുന്നു. അവർക്ക് തുടർച്ചയായ ഈ പ്രവർത്തനത്തിനിടെ ക്ഷീണം ഒഴിവാക്കാൻ സർക്കാർതലത്തിൽ ഇടപെടുന്നുണ്ട്. അതോടൊപ്പം തന്നെ സമൂഹമെന്ന നിലയ്ക്ക് ജനങ്ങളാകെ അവരെ പിന്തുണയ്ക്കണം.
വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കർശനമാക്കി. വിവിധസ്ഥലങ്ങളിൽ ഏകോപനത്തിനായി ഐജി, ഡിഐജി, എസ്പി റാങ്കിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊന്നാനിയിൽ ഉത്തരമേഖലാ ഐ.ജിയും തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
വിദേശത്തുനിന്ന് എത്തുന്നവർക്ക് ടാക്‌സി ഉൾപ്പെടെയുള്ള വാഹനങ്ങൾ എയർപോട്ടിൽ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. മടങ്ങിയെത്തുന്നവർ വിമാനത്താവളങ്ങളിൽ നിന്നും റെയിൽവേസ്റ്റേഷനിൽ നിന്നും മറ്റെങ്ങും പോകാതെ നേരെ വീട്ടിൽ തന്നെ പോകുന്നുവെന്നും ഉറപ്പാക്കും.
റിവേഴ്‌സ് ക്വാറൻറൈൻ കൂടുതൽ ശക്തമാക്കും. കൂടുതൽ റിസ്‌കുള്ളതും ശ്വാസകോശ സംബന്ധമായ പ്രയാസം കാണിക്കുന്നവരുമായ എല്ലാവരെയും ടെസ്റ്റ് ചെയ്യാനും തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.