അതിജീവനത്തിന്റെ ജൈവ വൈവിധ്യങ്ങള്‍ എന്ന ലക്ഷ്യവുമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ തുടങ്ങിയ പച്ചത്തുരുത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയായി വയനാട്.
കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ എ.ഡി.എം ചുമതല വഹിക്കുന്ന ഇ. മുഹമ്മദ് യൂസഫ്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രം കോര്‍ഡിനേറ്റര്‍ പി.സി മജീദ് എന്നിവര്‍ക്ക് ബ്രോഷര്‍ നല്‍കി സമ്പൂര്‍ണ്ണ പച്ചത്തുരുത്തിന്റെ ജില്ലാ പ്രഖ്യാപനം നടത്തി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതുസ്ഥാപനങ്ങളുടെയോ വകുപ്പുകളുയോടെ, വ്യക്തികളുടെയോ നേതൃത്വത്തില്‍  സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും ഉള്‍പ്പെടുത്തി മനുഷ്യ നിര്‍മ്മിത ചെറുവനങ്ങള്‍ സൃഷ്ടിക്കുകയാണ് പച്ചത്തുരുത്തിന്റെ ലക്ഷ്യം.
തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന  ഈ പദ്ധതിക്ക് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പരിപാലനവും ഉറപ്പ് വരുത്തുന്നു.
വയനാട് ജില്ലയില്‍ 26 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 18.66 ഏക്കറില്‍ 33 പച്ചത്തുരുത്തുകള്‍ ഇതിനോടകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ആകെ 11609 തൈകള്‍ നട്ടിട്ടുണ്ട്. 463 വള്ളിച്ചെടികളും 94 കുറ്റിച്ചെടികളും ഇതില്‍ ഉള്‍പ്പെടുന്നു.
പച്ചത്തുരുത്തുകള്‍ക്ക് മുള, ചെമ്പരത്തി, ചീമക്കൊന്ന തുടങ്ങിയ ചെടികള്‍ കൊണ്ട് അനുയോജ്യമായ ജൈവ വേലിയും തിരിച്ചറിയാന്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. നെന്‍മേനി ഗ്രാമപഞ്ചായത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് 4 എണ്ണം. പച്ചത്തുരുത്ത് പദ്ധതിയിലൂടെ പാപ്ലശ്ശേരി വെള്ളിമല ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഒരു മനുഷ്യനിര്‍മിത കാവ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പൂതാടി ഗ്രാമപഞ്ചാത്ത്. അന്യം നിന്നുകൊണ്ടിരിക്കുന്ന കമ്പകം, കരിഞ്ഞൊട്ട, നെയ്ത്താലി , ഇടിഞ്ഞില്‍, മലയശോകം മുതലായ വൈവിധ്യങ്ങളായ വൃക്ഷങ്ങള്‍ ഇവിടെ പരിപാലിക്കപ്പെടുന്നു.
2019 ല്‍ നട്ട 10,134 തൈകളില്‍ ഈ പ്രാവശ്യം റീപ്ലാന്റിംഗ് ചെയ്തത് 1417 എണ്ണം മാത്രമാണ്. ഈ വര്‍ഷം 1475 തൈകള്‍ നട്ടു. വയനാടിന്റെ പ്രാദേശിക സാഹചര്യത്തിനിണങ്ങിയ തൈകള്‍ കൂടുതലായി നട്ടുപിടിപ്പിച്ച് ജില്ലയില്‍ കുറഞ്ഞത് 50 പച്ചത്തുരുത്ത് എന്നതാണ് ഹരിത കേരളം ജില്ലാ മിഷന്റെ ലക്ഷ്യം.
ചടങ്ങില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍, ജില്ലാ പ്ലാനിംഗ് ഇന്‍ ചാര്‍ജ് ഓഫീസര്‍ സുഭദ്ര നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.