പാലക്കാട് ഇന്റോർ സ്റ്റേഡിയത്തിന്റേയും മെഡിക്കൽ കോളെജ് സിന്തറ്റിക്ക് ട്രാക്കിന്റേയും നിർമാണം ഉടൻ പൂർത്തിയാക്കാൻ സംസ്ഥാന യുവജന കമ്മീഷൻ സ്പോർട്‌സ് കൗൺസിലിന് ശുപാർശ നൽകും. ജില്ലാ കലക്റ്ററേറ്റ് സമ്മേളന ഹാളിൽ കമ്മീഷൻ നടത്തിയ ജില്ലാതല അദാലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കായിക മേഖലയിൽ ശ്രദ്ധേയങ്ങളായ നേട്ടങ്ങൾ കൈവരിക്കുന്ന ജില്ലയാണ് പാലക്കാട്. കായിക താരങ്ങൾക്ക് ഏറെ സഹയാകമാകുന്ന സ്റ്റേഡിയത്തിന്റേയും ട്രാക്കിന്റേയും നിർമാണം ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്. ജില്ലയിലെ സർക്കാർ-എയ്ഡഡ് കോളെജുകളിൽ സോഷോളജി കോഴ്സ് അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാലയോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടും. ശ്രീകൃഷ്ണപുരത്ത് അച്ഛൻ മക്കളെ മർദിച്ചെന്ന കേസിൽ പൊലീസ് നടപടികളുടെ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടും. ലാസ്റ്റ് ഗ്രേഡ് നിയമനം കൂടുതൽ കാര്യക്ഷമമാക്കാനും ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാനും പി.എസ്.സി.യോട് ആവശ്യപ്പെടുമെന്നും കമ്മീഷൻ അംഗങ്ങൾ പറഞ്ഞു. അദാലത്തിൽ 12 പരാതികൾ ലഭിച്ചു. യുവജന കമ്മീഷൻ അംഗങ്ങളായ റ്റി. മഹേഷ്, കെ.കെ. ദിവ്യ, സംസ്ഥാന കോഡിനേറ്റർമാരായ എം. രൺദീഷ്, ഷീന സി. കുട്ടപ്പൻ, എം. സലീം, ജില്ലാ കോഡിനേറ്റർ എസ്. കിഷോർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.