വി ആര്‍ കണ്ണൂര്‍-മൊബൈല്‍ ആപ് മുഖ്യമന്ത്രി ലോഞ്ച് ചെയ്തു
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍-വീ ആര്‍ കണ്ണൂരിന്റെ ലോഞ്ചിങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ഗസ്റ്റ്ഹൗസ് ഹാളിലായിരുന്നു ചടങ്ങ്. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു. കെ കെ രാഗേഷ് എംപി പരിപാടിയില്‍ സംബന്ധിച്ചു.
സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥലം, സ്ഥാനം, ചിത്രം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളെല്ലാം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഈ ആപ്പിലൂടെ മനസ്സിലാക്കാം. മാപ്പ് മൈ ഹോം കണ്ണൂര്‍ എന്ന പേരില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വതതില്‍ നടപ്പിലാക്കിയ പദ്ധതി വഴിയാണ് ഈ സൗകര്യം ഫോണില്‍ ലഭ്യമാക്കിയിരിക്കുന്നത്.
ജില്ലയിലെ 1300 വിദ്യാലയങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങളെല്ലാം ഇതിലുണ്ട്. ഓഫീസിലേക്കുള്ള ദൂരം, വഴി, പ്രവൃത്തി സമയം എന്നിവ അനായാസം മനസ്സിലാക്കാനാകും. ആപ്ലിക്കേഷനിലെ ഫോണ്‍ നമ്പര്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഡയല്‍ ചെയ്യാനും സൗകര്യമുണ്ട്. പൊതുജനങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായവും നിര്‍ദേശവും രേഖപ്പെടുത്താനുള്ള റേറ്റ് ആന്റ് റിവ്യൂ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് നേരിട്ട് ജില്ലാ കലക്ടര്‍ക്ക് മനസ്സിലാക്കാനാകും.
ജില്ലയിലെ വൃദ്ധസദനങ്ങളിലേക്കും അനാഥാലായങ്ങളിലേക്കും സാധനങ്ങള്‍ സംഭാവന നല്‍കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നതിനും മൊബൈല്‍ ആപ്പില്‍ സൗകര്യമുണ്ട്.
ജില്ലാ ഭരണകൂടം ജില്ലാ ഇ ഗവേണന്‍സ് സൊസൈറ്റിയുമായി ചേര്‍ന്നാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തത്. സ്‌റ്റേറ്റ് ഐടി മിഷന്റെ ജില്ലാ വിഭാഗമാണ് ഓഫീസുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചത്.