ഭൂമി തരം മാറ്റാം എന്ന പേരിൽ വ്യാജ പ്രചരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായും ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു. ഫീസ് അടച്ചും അടക്കാതെയും ഭൂമി തരം മാറ്റുന്നതിന് സഹായിക്കാമെന്ന വാഗ്ദാനവുമായി ബാനറുകളും പോസ്റ്ററുകളും വിവിധ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനായി സൗജന്യ കൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്നുമുണ്ട്. വ്യാജ പ്രചാരണത്തിൽ ആരും കുടുങ്ങരുതെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

സർക്കാരിൻറെ അധീനതയിൽ റവന്യൂ ഓഫീസുകളിൽ സൂക്ഷിക്കുന്ന രേഖയാണ് ബിടിആർ. ഇതിൽ മാറ്റം വരുത്തുന്നതിന് സ്വകാര്യ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ല. നിലമായി കിടക്കുന്ന ഭൂമി തരം മാറ്റം വരുത്തുന്നത് കേരള നെൽവയൽ തണ്ണീർത്തട നിയമത്തിൻ്റേയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. ആർടിഒ , താലൂക്ക്, വില്ലേജ് ഓഫീസുകളിലെ ഫയലുകളും രേഖകളും പരിശോധിച്ചും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധന, സർവ്വേ നടപടികളുടെ അടിസ്ഥാനത്തിലുമാണ് ഈ പ്രക്രിയ പൂർത്തിയാക്കുന്നത്.
ഇതിനായി ഭൂമിയുടെ ന്യായ വിലയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളൂ. പൂർണമായും സർക്കാർ സംവിധാനത്തിൻ കീഴിൽ നടക്കുന്ന പ്രക്രിയയാണിത്.

പൊതുജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് തട്ടിപ്പ് നടത്താനായി
ശ്രമിക്കുന്നവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ കത്തിൽ ജില്ലാകളക്ടർ ആവശ്യപ്പെട്ടു.