എറണാകുളം: ലോക വിനോദ സഞ്ചാരദിനത്തില്‍ മത്സ്യവിത്ത് ചന്ത സംഘടിപ്പിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ബോട്ടുജെട്ടിയിലെ ടൂറിസ്റ്റ് ഡസ്‌ക് പവലിയനിലാണ് മത്സ്യവിത്ത് ചന്ത ആരംഭിച്ചിരിക്കുന്നത്. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ചന്തയുടെ പ്രവര്‍ത്തനം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡിനു ശേഷമുള്ള ടൂര്‍പാക്കേജുകള്‍ ഡിറ്റിപിസി തയാറാക്കി വരികയാണ്. കാണാത്ത കൊച്ചി എന്ന പുതിയ ടൂറിസം കേന്ദ്രങ്ങളുടെ പാക്കേജിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനവും പ്രചാരണവും നടത്തും. ടൂറിസം മേഖലയുടെ തിരിച്ചു വരവിനാവശ്യമായ എല്ലാ പിന്തുണയും ജില്ലാ ഭരണകൂടം വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

വിനോദ സഞ്ചാര രംഗത്ത് നിരവധി നൂതന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍എ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പ്. തീര്‍ഥാടന ടൂറിസം, സാഹസിക ടൂറിസം, പരിസ്ഥിതി സൗഹൃദ ടൂറിസം, തുടങ്ങിയ മേഖലയെ വളര്‍ത്താനും വികസിപ്പിക്കാനും സര്‍ക്കാര്‍ സന്നദ്ധമാണ്. ഇപ്പോള്‍ ഉത്തരവാദിത്ത ടൂറിസം എന്ന കാഴ്ചപ്പാടോടെ സംസ്ഥാനത്തുടനീളം സംരംഭകരെ കണ്ടെത്തി അവര്‍ക്ക് ഗുണകരമാകുന്ന വിധത്തിലും സഞ്ചാരികള്‍ക്ക് മികച്ച സൗകര്യങ്ങളും അനുഭവങ്ങളും ലഭ്യമാകുന്ന സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ലീഡ് ബാങ്ക് മാനേജര്‍ സതീഷ് മത്സ്യവിത്ത് ചന്തയിലെ ആദ്യവില്‍പ്പന നിര്‍വഹിച്ചു. ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, ഡിറ്റിപിസ് സെക്രട്ടറി വിജയകുമാര്‍, ഡിറ്റിപിസി കമ്മിറ്റി അംഗം പി.ആര്‍. റെനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

*മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താം കുറഞ്ഞ ചെലവില്‍*

വിനോദ സഞ്ചാരവും ഗ്രാമീണവികസനവുമെന്നതാണ് ഈ വര്‍ഷത്തെ വിനോദ സഞ്ചാര ദിന സന്ദേശം. വിനോദ സഞ്ചാരം വഴി ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടുള്ള വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായാണ് മത്സ്യവിത്ത് ചന്ത സംഘടിപ്പിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഉത്തരവാദിത്ത ടൂറിസം മിഷന്റെ യൂണിറ്റായ ടൂറിസ്റ്റ് ഡസ്‌ക്കും സംയുക്തമായാണ് മത്സ്യവിത്ത് ചന്ത സംഘടിപ്പിക്കുന്നത്.

മത്സ്യവിത്ത് ചന്തയില്‍ എളുപ്പം വളര്‍ത്തുവാന്‍ കഴിയുന്ന വംശനാശ ഭീഷണി നേരിടുന്ന നാടന്‍ തിലോപ്പിയുടേയും കറൂപ്പിന്റെയും കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. നഗരത്തിലെ വീടുകളോടനുബന്ധിച്ചുള്ള കുളങ്ങളിലും കിണറുകളിലും ഈ മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്തി വിളവെടുക്കാം. ഒപ്പം തദ്ദേശീയ മത്സ്യങ്ങളുടെ നാട്ടുരുചിയും തനിമയും നഗരവാസികള്‍ക്കും അതിഥികള്‍ക്കും അനുഭവിക്കുവാനും കഴിയും. ഗ്രാമവാസികള്‍ക്ക് വീടിനോടുചേര്‍ന്നുള്ള കുളങ്ങളില്‍ വളരെ ചെലവു കുറഞ്ഞരീതിയില്‍ മത്സ്യങ്ങളെ വളര്‍ത്തി വിപണനം ചെയ്യാം.

ആറാഴ്ച പിന്നിട്ട മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. 10 മുതല്‍ 20 രൂപ വരെയാണ് വില. കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ചന്തയില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്തശേഷം നിശ്ചിത സമയത്ത് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9847044688, 9847331200