എറണാകുളം: ജില്ലയിൽ നവംബർ മുതൽ അടുത്തവർഷം ഫെബ്രുവരി വരെ 600 ലധികം പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. നടപടികളുടെ പുരോഗമന സ്ഥിതി എല്ലാ മാസവും റിപ്പോർട്ട് ചെയ്യാനും വീഡിയോ കോൺഫറൻസ് വഴി നടത്തിയ യോഗത്തിൽ തഹസിൽദാർമാരോട് കളക്ടർ നിർദ്ദേശിച്ചു.

ചാരിറ്റബിൾ ട്രസ്റ്റുകൾ, മത സ്ഥാപനങ്ങൾ, വായനശാലകൾ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പട്ടയമില്ലാത്ത ഭൂമികൾക്കും പട്ടയം നൽകാനുള്ള നടപടികൾ പൂർത്തീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി. പാട്ടക്കുടിശ്ശിക പിരിവും വേഗത്തിൽ തീർപ്പാക്കണം. പാട്ടകുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഈടാക്കുന്ന പ്രവർത്തികളും വേഗത്തിലാക്കണം. കുടിശ്ശിക ലഭ്യമാക്കാത്തവർക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാനും പാട്ടഭൂമി ഏറ്റെടുക്കാനും തഹസിൽദാർമാർക്ക് കളക്ടർ നിർദ്ദേശം നൽകി.

പാട്ടക്കുടിശ്ശിക ഈടാക്കുന്നതിനെതിരെ കക്ഷികൾ ഫയൽ ചെയ്തിട്ടുള്ള റിട്ട് ഹർജികളിൽ സ്റ്റേ നിലവിലുള്ളതാണോയെന്ന് പരിശോധിക്കേണ്ടതും സ്റ്റേ ഇല്ലാത്ത കേസുകളിൽ കുടിശ്ശിക ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്. എല്ലാ കേസുകളിലെയും പാട്ടക്കുടിശികയും പാട്ടവും ഈടാക്കുന്നതിൽ ശ്രദ്ധ ചെലുത്തി ലീസ് പിരിവ് ഊർജ്ജിതമാക്കാൻ എല്ലാ തഹസിൽദാർമാരും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു