തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ 641 പേർക്കെതിരെ ഇന്ന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച മൂന്നു കടകൾ താത്കാലികമായി അടപ്പിച്ചു. 20 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെക്ഷൻ 144 പ്രകാരം ഒരാൾക്കെതിരെ നടപടി സ്വീകരിച്ചു. 133 പേരിൽ നിന്നും പിഴ ഈടാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു.

ഒക്ടോബർ നാലു മുതലാണ് ജില്ലാ കളക്ടർ  നിയോഗിച്ച 92 സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചത്. ഇന്നുവരെയുള്ള കണക്കനുസരിച്ച് ആകെ 2,483 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിൽ സെക്ഷൻ 144 ലംഘിച്ച 43 പേരും  കൃത്യമായി മാസ്‌ക് ധരിക്കാത്ത 574 പേരുമുണ്ട്. സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്ത 875 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.

കടകൾ, മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, ഓട്ടോ സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.