പിഎംഎവൈ-ലൈഫ് ഭവന പദ്ധതി പ്രകാരം ‘എല്ലാവര്‍ക്കും ഭവനം’ എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ അന്തിമഘട്ടത്തിലാണ് ചാവക്കാട് നഗരസഭ. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി ലൈഫ് മിഷനില്‍ ഉള്‍പ്പെട്ട 775 ഗുണഭോക്താക്കള്‍ക്കാണ് നഗരസഭ ധനസഹായം നല്‍കിയത്. ഇതില്‍ 500 ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 225 ഭവനങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നഗരസഭയിലെ 500 ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്ടോബര്‍ 22ന് ചാവക്കാട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ നിര്‍വഹിക്കും.
പദ്ധതിയുടെ നാലാം ഘട്ടത്തില്‍ നഗരസഭാ പരിധിയില്‍ നിന്ന് തെരഞ്ഞെടുത്ത 67 ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കും. ഇതിനായുള്ള നഗരസഭ വിഹിതമായ ഒരു കോടി ചാവക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്പ മുഖേന ലഭ്യമായി. 500 ഭവന പൂര്‍ത്തീകരണ പ്രഖ്യാപന വേദിയില്‍വച്ച് നാലാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 67 പേര്‍ക്കുള്ള ഒന്നാം ഗഡു ധനസഹായ വിതരണവും എംഎല്‍എ നിര്‍വഹിക്കും.