ന്യൂസ് 18 കേരള മലയാളി ഓഫ് ദ ഇയര്‍ അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി

കേരളത്തിന്റെ മഹത്വം ലോകത്തിന് സംഭാവന ചെയ്തവരെയാണ്  ന്യൂസ് 18 കേരള അവാര്‍ഡ് നല്‍കാനായി തെരഞ്ഞെടുത്തതെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ന്യൂസ് 18 മലയാളി ഓഫ് ദ ഇയര്‍ അവാര്‍ഡ്, ലൈഫ് അച്ചീവെന്റ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മലയാളി ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗവര്‍ണര്‍ പി. സദാശിവത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. വ്യത്യസ്ത വിഷയങ്ങളില്‍ മൗലികമായ നിലപാടാണ് ന്യൂസ് 18 കേരള സ്വീകരിക്കുന്നത്. പാരിസ്ഥിതിക വിഷയങ്ങളില്‍ ചില ക്യാമ്പനുകള്‍ സംഘടിക്കാനും ചാനല്‍ മുന്നോട്ടു വന്നിട്ടുണ്ട്. കേരളം ചെറിയ സംസ്ഥാനമാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍വരെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിലൂടെ മാനവികവും ബൗദ്ധികവുമായ തലത്തില്‍ വളരാന്‍ കേരളത്തിന് സാധിക്കുന്നുണ്ട്. ഭരണകാര്യത്തിലും സംസ്ഥാനത്തിന്റെ വികസന കാര്യത്തിലും മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകളാണ് ഈ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടാന്‍ കാരണമായത്.
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട എം.ടി.വാസുദേവന്‍ നായരും ചലച്ചിത്ര നടന്‍ മധുവും. എം.ടി വാസുദേവന്‍ നായര്‍ മലയാളത്തിന്റെ മഹത്വമാണ്. സാഹിത്യരംഗത്തെ പലര്‍ക്കും എം.ടി പ്രചോദനം നല്‍കുന്ന വ്യക്തിയാണ്. സാമൂഹിക വിഷയങ്ങളില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ തുറന്നു പറയുന്ന വ്യക്തിയാണ് മധു. ഇരുവരും ഈ അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹരാണ്.  കായിക കേരളത്തിന്റെ ഭാവിയാണ് പി.യു. ചിത്ര. അത്‌ലറ്റികില്‍ കേരളത്തിന് കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഈ അവാര്‍ഡ്. അക്കാദമിക് രംഗത്ത് എന്നപോലെ നാടക-ചലച്ചിത്ര മേഖലയില്‍ പ്രതിഭയുള്ള വ്യക്തിയാണ് സുരഭി ലക്ഷ്മി. ബിസിനസിലൂടെ കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കുന്ന വ്യക്തികളാണ് യൂസഫലിയും സാബു ജേക്കബും. ഈ അവാര്‍ഡുകള്‍ നല്‍കുന്നതോടെ ന്യൂസ് 18 കേരള വാര്‍ത്താവിനിമയ രംഗത്ത് കൂടുതല്‍ ശ്രഘിക്കപ്പെടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ന്യൂസ് 18 കേരള ദൃശ്യ മാധ്യമ രംഗത്ത് വന്നിട്ട് കുറച്ചുകാലം മാത്രമേ ആയിട്ടുള്ളു. എന്നാല്‍ അവര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏതെങ്കിലും പൊടിക്കെയിലൂടെയല്ല ഈ മാധ്യമം നേട്ടങ്ങള്‍ നേടിയെടുക്കുന്നത് എന്നത് ഇവരുടെ പ്രത്യേകതയാണ്. കോര്‍പ്പറേറ്റ് നിയന്ത്രിക്കുന്ന മാധ്യമമാണെങ്കിലും നല്ലൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ഇനിയും തുടരണം. വ്യക്തിപരമായി അവാര്‍ഡുകള്‍ സ്വീകരിക്കില്ല എന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനുള്ള അംഗീകാരമാണെന്നു അവര്‍ അറിയച്ചതുകൊണ്ടാണ് സ്വീകരിക്കുന്നത്. എനിക്ക് കിട്ടിയ അവാര്‍ഡ് പൂര്‍ണമായും കേരളത്തിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ അവാര്‍ഡ് ജനങ്ങള്‍ക്കുള്ളതാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍  ഈ അവാര്‍ഡ് പ്രചോദനമാകുമെന്നും എന്നും മുഖ്യമന്ത്രി പറഞ്ഞു.