എറണാകുളം: കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 12204 മദ്രസാധ്യാപകര്‍ക്കായി രണ്ടു കോടി നാല്‍പ്പതു ലക്ഷത്തി എണ്ണായിരം രൂപ അനുവദിച്ചതായി ചെയര്‍മാന്‍ എം പി അബ്ദുല്‍ ഗഫൂര്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ആനുകൂല്യം. ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പു സാമ്പത്തിക വര്‍ഷം വിവാഹധനസഹായമായി 158 പേര്‍ക്കു പതിനായിരം രൂപ വീതം 15,80,000 രൂപയും 39 പേര്‍ക്കു ചികിത്സാ ധനസഹായമായി 4900436 രൂപയും അനുവദിച്ചു. ക്ഷേമനിധി അംഗത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ വിവിധ സംഘടനാ പ്രിതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 77 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കും. 153 അപേക്ഷകര്‍ക്ക് പുതുതായി പെന്‍ഷന്‍ നല്‍കാനും 137 അപേക്ഷകര്‍ക്ക് വിവാഹധനസഹായം അനുവദിക്കാനും യോഗം തീരുമാനിച്ചു. കൂടാതെ മൂന്ന് ഗുണഭോക്താക്കള്‍ക്ക് ചികിത്സാധനസഹായമായി 75000 രൂപ അനുവദിക്കാനും യോഗം തീരുമാനമെടുത്തു. അംഗങ്ങള്‍ ക്ഷേമനിധി അംശാദായമടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന സാഹചര്യങ്ങളില്‍ കുടിശിക അടച്ചു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമേ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കേണ്ടതുളളൂ എന്ന് യോഗം തീരുമാനിച്ചു.