സമ്പൂര്‍ണ മാലിന്യമുക്ത കോളനിയായി മതിലകം ഗ്രാമപഞ്ചായത്തിലെ പൊന്നാംപടി കോളനി. ജില്ലയില്‍ ആദ്യമായാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരു കോളനി സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നത്. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായാണ് കോളനിയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി സംവിധാനങ്ങള്‍ ഒരുക്കിയത്.

പത്താം വാര്‍ഡിലെ പൊന്നാംപടി പട്ടികജാതി കോളനിയില്‍ 30 കുടുംബങ്ങളാണ് താമസിക്കുന്നത്. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതിരുന്ന ഇവരുടെ മാലിന്യപ്രശ്‌ന പരിഹാരത്തിനായാണ് നൂതന ശുചിത്വപദ്ധതികള്‍ പഞ്ചായത്ത് ആവിഷ്‌ക്കരിച്ചത്. ആദ്യഘട്ടത്തില്‍ ഓരോ വീട്ടുകാര്‍ക്കും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ടാങ്ക് നിര്‍മ്മിച്ച് നല്‍കി. പിന്നീട് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ വീടുകള്‍ക്കും കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ നിര്‍മിച്ച് നല്‍കി. ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി
6 അടി നീളവും 4 അടി വീതിയും 2 അടി ഉയരവുമുള്ള കമ്പോസ്റ്റ് പിറ്റും മലിനജല നിര്‍മാര്‍ജ്ജനത്തിനായി
4 അടി നീളവും 3 അടി വീതിയും 3 അടി ഉയരവുമുള്ള സോക്ക് പിറ്റുമാണ് നിര്‍മിച്ച് നല്‍കിയത്. ഓരോ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്ത രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ വീതം 50 തൊഴിലാളികള്‍ ചേര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 5 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. കൂടാതെ കോളനിക്കാര്‍ക്ക് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി മിനി എം സി എഫും സ്ഥാപിച്ചിട്ടുണ്ട്.

ഇ ടി ടൈസണ്‍ എംഎല്‍എ സമ്പൂര്‍ണ മാലിന്യ മുക്ത കോളനി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുവര്‍ണ ജയശങ്കര്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി എസ് രവീന്ദ്രന്‍, അനി റോയ്, ബിന്ദു സന്തോഷ്, പഞ്ചായത്തംഗം ഹസീന റഷീദ് എന്നിവര്‍ പങ്കെടുത്തു.