ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ജെറിയാട്രിക് വാർഡ്, മാലിന്യ സംസ്കരണ സംവിധാനം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.ശാന്തകുമാരി നിർവഹിച്ചു. പ്രായമായവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാം നിലയിൽ ആരംഭിച്ച ജെറിയാട്രിക് വാർഡിൽ 75 പേർക്ക് കിടത്തി ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ലിഫ്റ്റ് സംവിധാനവും ഉണ്ട്.

ജില്ലാ ആശുപത്രിയിലെ പ്രായമായവർക്കുള്ള മറ്റു വാർഡിൽ റാമ്പ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു കോടി ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച മാലിന്യ സംസ്കരണ സംവിധാനത്തിന്റെ ഭാഗമായി ബയോഗ്യാസ് പ്ലാൻറ്, ജലസംഭരണി, മലിനജലവും മഴവെള്ളവും ഒഴുക്കി കളയുന്നതിനുള്ള സംവിധാനം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 82 ലക്ഷം രൂപ ചെലവഴിച്ചാണ് മാലിന്യസംസ്കരണ സംവിധാനം ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനുമോൾ അധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രമാദേവി, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.