പട്ടാമ്പിയില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഏഴ് വരെ നടക്കുന്ന സരസ് മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ചെയ്ത് തീര്‍ക്കാനുള്ള പ്രവൃത്തികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ 11 ഉപ സമിതികള്‍ക്ക് ജില്ലാ കലക്റ്റര്‍ നിര്‍ദേശം നല്‍കി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മുഹമ്മദാലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി, ഉപസമിതി ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാ കലക്റ്റര്‍ മേള നടക്കുന്ന മാര്‍ക്കറ്റ് ഗ്രൗണ്ട് സന്ദര്‍ശിച്ചു.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ പ്രദര്‍ശന-വിപണന-കലാ-സാംസ്‌കാരിക മേളയില്‍ പ്രാദേശിക കലാകാരന്മാരെ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ കരകൗശല വിദഗ്ധര്‍ പങ്കെടുക്കും. ഗ്രാമീണ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, കലാസന്ധ്യ എന്നിവ മേളയുടെ പ്രത്യേകതകളാണ്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ മേളയില്‍ പങ്കെടുക്കും. കുടുംബശ്രീയും ദേശീയ ഗ്രാമ വികസന മന്ത്രാലയവും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.