എറണാകുളം: തദ്ദേശ സ്വയംഭരണ സമിതികളുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചതിന്റെ നേട്ടവും പ്രതിസന്ധികളെ കരുത്തോടെ നേരിട്ടതിന്റെ അഭിമാനവുമായാണ് ജില്ലയിലെ തദ്ദേശഭരണ സമിതികൾ പിരിയാൻ ഒരുങ്ങുന്നത്. 2018ല്‍ സംഭവിച്ച നൂറ്റാണ്ടിലെ പ്രളയത്തെയും 2020ൽ കോവിഡ് 19 മഹാമാരി തീര്‍ത്ത അസാധാരണ പ്രതിസന്ധികളെ ജനകീയ പങ്കാളിത്തത്തോടെ നേരിട്ട് ജില്ലയിലെ വികേന്ദ്രീകൃത ഭരണസംവിധാനങ്ങള്‍ ചരിത്രം രചിച്ച കാലഘട്ടംകൂടിയാണ് പോയ അഞ്ച് വര്‍ഷങ്ങള്‍.

ആരോഗ്യ, കാര്‍ഷിക, സേവന മേഖലളിലെ പ്രവര്‍ത്തനം, അടിസ്ഥാന സൗകര്യവികസനം, പാര്‍പ്പിക സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, കുടിവെള്ളം, ശുചിത്വം, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനമാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാഴ്ചവെച്ചത്. കാലാവധി പൂര്‍ത്തിയാക്കുന്ന തദ്ദേശസ്ഥാപന ഭരണസമിതികളെ അനുമോദിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി കുര്യാക്കോസിന്‍റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന പ്രത്യേക ജില്ലാ ആസൂത്രണ സമിതിയോഗം മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജില്ലയിലെ എല്ലാ ഭരണസമിതികളെയും അഭിനന്ദിച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതില്‍ ജില്ലാ ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ എസ്. സുഹാസ് അഭിപ്രായപ്പെട്ടു.

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് നടപ്പിലാക്കിയ സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി വിജയകരവും മാതൃകാപരവുമായ ഒന്നായിമാറി. ക്യാന്‍സര്‍ വിമുക്ത എറണാകുളം എന്ന പേരില്‍ ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു ചൂണ്ടിക്കാട്ടി. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപവീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപവീതവും നഗരസഭകള്‍ മൂന്ന് ലക്ഷം രൂപവീതവും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും 10 ലക്ഷം രൂപവീതവും വകയിരുത്തിയ പദ്ധതി കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെറിന്‍റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി, വിവിധ താലൂക്ക് ആശുപത്രികള്‍, പ്രാഥമിക/സാമൂഹ്യആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയുടെ കൂട്ടായ്മയിലൂടെയാണ് നടപ്പിലാക്കുന്നത്.

ക്യാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതാണ് 1.69 കോടിരൂപയുടെ പദ്ധതി.
സംസ്ഥാന സര്‍ക്കാരിന്‍റെ ഭവനനിര്‍മ്മാണ പദ്ധതിയായ ലൈഫ് പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 1023.11 കോടിരൂപയുടെ പദ്ധതികളാണ് വിവിധ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതില്‍ ജില്ലയിലെ 93 തദ്ദേശഭരണ സ്ഥാപനങ്ങള്‍ നൂറ് ശതമാനം ലക്ഷ്യം കൈവരിച്ചു. 1060 വീടുകളാണ് ഈ വിഭാഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ലൈഫ് പദ്ധതിയിയുടെ രണ്ടാം ഘട്ടത്തില്‍ 5142 വീടുകള്‍ പൂര്‍ത്തിയായപ്പോള്‍ 5639 വീടുകള്‍ പൂര്‍ത്തീകരണഘട്ടത്തിലുമെത്തി. ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായുള്ള ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.
അഞ്ചു വര്‍ഷ കാലയളവില്‍ വികസന ഫണ്ട്, മെയിന്‍റനന്‍സ് ഗ്രാന്‍റ്, ധനകാര്യ കമ്മീഷന്‍, മറ്റ് ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ 8369.11 കോടിരൂപയുടെ പദ്ധതികളാണ് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തത്. ഉത്പാദനമേഖലയില്‍ 491.02 കോടിരൂപയുടെയും സേവന മേഖലയില്‍ 2169.51 കോടിരൂപയുടെയും പശ്ചാത്തല സൗകര്യമേഖലയില്‍ 1240.92 കോടിരൂപയുടെയും പദ്ധതികളാണ് ഏറ്റെടുത്തത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര പദ്ധതിക്കായി 94.6 കോടിരൂപയുടെ പദ്ധതിയും ഭിന്നശേഷി വിഭാഗങ്ങള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള സ്കോളര്‍ഷിപ്പ് പ്രോജക്ടുകള്‍ക്കുമായി 109.12 കോടി രൂപയുടെയും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 29.7 കോടിയുടെയും പ്രോജക്ടുകളാണ് ഏറ്റെടുത്തത്. വനിതകളുടെ ഉന്നമനത്തിനായി 349.43 കോടിരൂപയുടെയും പദ്ധതി ഏറ്റെടുത്തു.

ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക അനുമോദന യോഗത്തില്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ തദ്ദേശഭരണ സമിതികളെ അഭിനന്ദിച്ചു. 2018-19 വര്‍ഷത്തില്‍ സ്വരാജ് ട്രോഫി നേടിയ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലാ പഞ്ചായത്ത്, ജില്ലയില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ രായമംഗലം, മാറാടി, പാലക്കുഴ എന്നീ തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. 33 തദ്ദേശസ്ഥാപനങ്ങളാണ് ജില്ലയില്‍ ശുചിത്വപദവി നേടിയത്. ഇതില്‍ 87 പോയന്‍റുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും വാരപ്പെട്ടി, കുന്നുകര ഗ്രാമപഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പാമ്പാക്കുടയാണ് ശുചിത്വപദവി നേടിയ ജില്ലയിലെ ഏക ബ്ലോക്ക് പഞ്ചായത്ത്.