തിരുവനന്തപുരം: തൊളിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വ്വഹിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ഒന്നര കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് തൊളിക്കോട് സ്കൂളില്‍ മാത്രം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ‘മാനസ’ അമിനിറ്റി സെന്റര്‍, പുതിയ പ്രവേശന കവാടം എന്നിവയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു.
പുതിയ മന്ദിരത്തിനായി 35 ലക്ഷം രൂപയും കവാടത്തിനായി എട്ടുലക്ഷം രൂപയുമാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി മികച്ച നിലവാരത്തിലുള്ള വിശ്രമ മുറികളും ശുചിമുറികളും നിര്‍മിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ‘മാനസ’ പദ്ധതിപ്രകാരമാണ് പുതിയ അമിനിറ്റി സെന്റര്‍ നിര്‍മിച്ചത്. 15 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെ ചടങ്ങില്‍ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വിജു മോഹന്‍, തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, ജനപ്രതിനിധികള്‍, സ്കൂള്‍ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.