- കോവിഡ് വ്യാപിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി. ആര് .പി .സി 144 പ്രകാരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന് ഉത്തരവ് പുറപ്പെടുവിച്ചു. ഒക്ടോബര്‍ രണ്ടിന് അര്‍ധരാത്രി മുതല്‍ 31ന് അര്‍ധരാതി വരെയാണ് തുടക്കത്തില്‍ നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ഉത്തരവു പ്രകാരം അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. വിവാഹ ചടങ്ങുകള്‍ക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ച് പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ. മത സ്ഥാപനങ്ങളില്‍ പ്രാര്‍ത്ഥനകള്‍, മതപരമായ മറ്റ് ചടങ്ങുകള്‍, മത/രാഷ്ട്രീയ/ സാംസ്കാരിക/സാമൂഹ്യ/ സര്‍ക്കാര്‍ പരിപാടികള്‍ ന്നിവയ്ക്ക് 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. സിനിമാശാലകള്‍ സിനിമാകോംപ്ലക്സുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം രാത്രി എട്ടു വരെയും അവയുടെ പാര്‍സല്‍ സര്‍വീസുകള്‍ രാത്രി ഒന്‍പത് വരെയുമാണ്. ടൂര്‍ണ്ണമെന്റുകള്‍, ജിംനേഷ്യം, സ്പോര്‍ട്സ് ക്ലബ്, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍, എല്ലാവിധ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കായിക പ്രവര്‍ത്തങ്ങളും നിരോധിച്ചിട്ടുണ്ട്. ചന്തകള്‍, ബസ്സ് സ്റ്റാന്‍ഡ്, പൊതുഗതാഗതം, ഓഫീസുകള്‍, ജോലിസ്ഥലങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്മെന്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് വാണിജ്യസ്ഥാപനങ്ങള്‍, എന്നിവയ്ക്ക് നിലവിലെ കോവിഡ്, ‘ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ പ്രൊസീഡ്യര്‍ കോഡ് (CrPC) സെക്ഷന്‍ 144 പ്രകാരം നടപടി സ്വീകരിക്കും.